aparnan shaji|
Last Modified ബുധന്‍, 22 മാര്‍ച്ച് 2017 (12:34 IST)
മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തിയ കെയർ ഓഫ് സൈറ ബാനു മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. സ്ത്രീപക്ഷ
സിനിമ എന്ന് പറയുമ്പോൾ തന്നെ വ്യക്തമാണ് അത് വരച്ച് കാണിക്കുന്നത് ഒരു പെൺ ജീവിതം ആയിരിക്കുമെന്ന്. സൈറ ബാനു കണ്ട ഭാഗ്യലക്ഷ്മി തന്റെ അനുഭവം ഫേസ്ബുക്കിൽ കുറിയ്ക്കുകയുണ്ടായി.
ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ഇന്നലെയാണ് "സൈറാ ബാനു"എന്ന സിനിമ കണ്ടത്. സാധാരണ മഞ്ജുവിന്റെ ഏത് സിനിമ ഇറങ്ങിയാലും ആദ്യ ദിവസം തന്നെ കാണുകയാണ് പതിവ്.ഇതല്പം വൈകിപ്പോയി. മഞ്ജുവിന്റെ കളിയും ചിരിയും കുറുമ്പും സങ്കടവും എല്ലാം പ്രകടിപ്പിക്കാൻ ധാരാളം അവസരമുളള കഥാപാത്രം. മഞ്ജു ഗംഭീരമായി എന്ന് പറയുന്നത് മോഹൻലാൽ നന്നായി അഭിനയിച്ചു ദാസേട്ടൻ നന്നായി പാടി എന്നൊക്കെ പറയുന്നത് പോലെയായി മലയാളിക്ക്.
ഇത് തികച്ചും ഒരു സ്ത്രീപക്ഷ സിനിമ തന്നെയാണ്. പ്രണയമോ, സ്റ്റണ്ടോ, ഇല്ലാത്ത ഹീറോയിനിസം ഒന്നുമില്ലാത്ത ഒരു സ്ത്രീയുടെ പോരാട്ടം. ഈ സിനിമ കാണുമ്പോൾ എനിക്കറിയാവുന്ന ചില സ്ത്രീകളുടെ ജീവിതമാണ് മനസ്സിൽ തെളിഞ്ഞ് വന്നത്. വലിയ വിദ്യാഭ്യാസമോ അറിവോ ഇല്ലാത്ത ഒരു സ്ത്രീക്ക് പോലും ഏത് പ്രതിസന്ധിയും മറികടക്കാൻ സാധിക്കും എന്ന ആത്മവിശ്വാസം വലിയ ബഹളമൊന്നുമില്ലാതെ നമ്മെ ബോധ്യപ്പെടുത്തി തരുന്നു.
സ്ത്രീ ശക്തയാവുന്നതും അശക്തയാവുന്നതും അവൾ അമ്മയായത്കൊണ്ട് തന്നെയാണെന്നും പറയുന്നു ഈ സിനിമ. ഏറ്റവും വിചിത്രവും സങ്കടകരവുമായ വിഷയം ഈ സിനിമ കാണാൻ തിയേറ്ററിൽ പുരുഷന്മാരാണധികവും എന്നതാണ്. ഇന്ന് രാവിലെ ഒരു പഴയ സംവിധായകൻ എന്നെ വിളിച്ച് പറഞ്ഞു, അദ്ദേഹം തിയേറ്ററിൽ ഈ സിനിമ കാണാൻ ചെന്നപ്പോ സ്ത്രീകളേ ഇല്ലായിരുന്നുവത്രെ.
അദ്ദേഹം ദേഷ്യത്തോടെ എന്നോട് ചോദിച്ചു, സ്ത്രീപക്ഷ സിനിമകളെ സ്ത്രീകൾ പോലും പ്രോത്സാഹിപ്പിച്ചില്ലെങ്കിൽ പിന്നെ എങ്ങനെയാണ് ഇത്തരം സിനിമകൾ ഉണ്ടാവുന്നത്? ഇതുകൊണ്ടാണ് മലയാള സിനിമയിൽ വനിതാ നിർമാതാക്കളുണ്ടായിട്ടും അവർ പോലും വാണിജ്യ സിനിമകൾ നിർമ്മിക്കാനാണ് മുന്നോട്ട് വരുന്നത്. പ്രണയവും ചതിയും വഞ്ചനയും കണ്ണീരും അമ്മായിയമ്മ പോരും ആത്മഹത്യയുമല്ല പെൺ ജീവിതം എന്ന് പെണ്ണ് മനസ്സിലാക്കിയില്ലെങ്കിൽ പിന്നെ ഇവിടെ എന്ത് പെൺ പോരാട്ടം? എന്ത് പെൺ സുരക്ഷ..?