നിഹാരിക കെ എസ്|
Last Modified ശനി, 23 നവംബര്‍ 2024 (13:50 IST)
ദുൽഖർ സൽമാൻ എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധ ലഭിച്ച ചിത്രമാണ് ചാർളി. ഈ സിനിമയിലൂടെ ദുൽഖറിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു. ചിത്രത്തിലെ ദുൽഖറിന്റെ ഡ്രസിങ് സ്റ്റൈലും ലുക്കുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. നീണ്ട താടിയും വ്യത്യസ്തമായ വസ്ത്രധാരണവും യൂത്തന്മാർക്കിടയിൽ ഒരുകാലത്ത് ട്രെന്ഡായിരുന്നു. ചാര്ലിയിലെ ദുൽഖറിന്റെ താടി ഒറിജിനലല്ല എന്ന് എത്ര പേർക്കറിയാം?
ചാര്ലിയും അതിന്റെ ദുൽഖറിന്റെ താടിക്കഥയും റിപ്പോർട്ടർ ലൈവുമായി പങ്കുവെക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി. 'ആ താടിയാണ് ലുക്ക്. പക്ഷേ ആ സിനിമ ആരംഭിക്കുമ്പോൾ ആ കഥാപാത്രത്തിന് വേണ്ടുന്ന അത്ര താടി ദുൽഖറിന് വളർന്നിട്ടില്ല. ഒന്നൊന്നര മാസം കൂടി കാത്തിരുന്നാൽ മാത്രമേ താടി അത്രയും വളരുകയുള്ളൂ. അതിനുള്ള സമയമില്ലാത്തതിനാൽ താടിക്ക് എക്സ്റ്റൻഷൻ നൽകി. അങ്ങനെ ആദ്യ 20 ദിവസം ആ എക്സ്റ്റൻഷൻ ഉപയോഗിച്ചു. പിന്നീട് ദുൽഖറിന്റെ താടി വളരുന്നതിന് അനുസരിച്ച് ആ എക്സറ്റന്ഷന്റെ അളവ് കുറയ്ക്കുകയാണ് ഉണ്ടായത്,' എന്ന് രഞ്ജിത്ത് അമ്പാടി പറഞ്ഞു.
'സിനിമയിൽ ഏറ്റവും കയ്യടി ലഭിച്ച രംഗമാണ് ദുൽഖറിന്റെ ഇൻട്രോ. ആ രംഗത്തിനായി നീളമുള്ള താടി വേണമായിരുന്നു. അതിനായി ഏറ്റവും ലാസ്റ്റ് ഷെഡ്യൂളിലാണ് ആ രംഗം ചിത്രീകരിച്ചത്. അതിനുശേഷം കമ്മട്ടിപ്പാടം എന്ന സിനിമയുടെ ചിത്രീകരണത്തിനായി ദുൽഖർ താടി കളഞ്ഞു. 'കുറച്ച് ദിവസം കഴിഞ്ഞപ്പോഴാണ് മാർട്ടിൻ ചേട്ടൻ (മാർട്ടിൻ പ്രക്കാട്ട്) വിളിച്ചിട്ട് ഇൻട്രോ ഒന്നുകൂടി എടുക്കണം എന്ന് പറഞ്ഞു. അന്ന് ഷൂട്ട് ചെയ്ത ഇൻട്രോ അദ്ദേഹത്തിന് വർക്കായില്ല. എന്താ ചെയ്യുക, താടി വേണം? ആ താടിക്ക് വേണ്ടിയാണ് ലാസ്റ്റ് ഷെഡ്യൂളിൽ ആ രംഗം പ്ലാൻ ചെയ്തത്. പിന്നെ ഒരു വേപ്പുതാടിയും മീശയും വെച്ചാണ് ആ ഇൻട്രോ സീൻ ഷൂട്ട് ചെയ്തത്,' എന്നും രഞ്ജിത്ത് അമ്പാടി കൂട്ടിച്ചേർത്തു.