രേണുക വേണു|
Last Modified ശനി, 23 നവംബര്‍ 2024 (09:55 IST)
മിന്നാമിനുങ്ങ് എന്ന സിനിമയിലെ ഗംഭീര പ്രകടനത്തിലൂടെ 2017 ലെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ താരമാണ് സുരഭി ലക്ഷ്മി. ടെലിവിഷന്‍ ഷോകളിലൂടെയും സീരിയലുകളിലൂടെയും അഭിനയരംഗത്തേക്ക് എത്തിയ സുരഭിക്ക് ഇപ്പോള്‍ കൈ നിറയെ സിനിമകളുണ്ട്. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കാന്‍ സുരഭിക്ക് സാധിച്ചിട്ടുണ്ട്.
1986 നവംബര്‍ 16 ന് കോഴിക്കോട് ജില്ലയിലാണ് സുരഭിയുടെ ജനനം. താരത്തിനു ഇപ്പോള്‍ 37 വയസ്സ് കഴിഞ്ഞു. തിയറ്റര്‍ ആര്‍ട്സില്‍ മാസ്റ്റേഴ്സ് കരസ്ഥമാക്കിയിട്ടുണ്ട്. 2005 ല്‍ ബൈ ദി പീപ്പിള്‍ എന്ന ചിത്രത്തിലൂടെയാണ് സുരഭിയുടെ അരങ്ങേറ്റം. മികച്ച നര്‍ത്തകി കൂടിയാണ് സുരഭി.
2014 ല്‍ വിപിന്‍ സുധാകറിനെയാണ് സുരഭി വിവാഹം കഴിച്ചത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. എന്നാല്‍ ഈ ബന്ധം അധിക കാലം നീണ്ടുനിന്നില്ല. 2017 ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. ഡിവോഴ്സിനു ശേഷവും തങ്ങള്‍ നല്ല സുഹൃത്തുക്കളായിരിക്കുമെന്ന് സുരഭിയും വിപിനും പറഞ്ഞിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് ബന്ധം പിരിയുന്നതെന്നും മറ്റ് കാര്യങ്ങളൊന്നും പൊതുമധ്യത്തില്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് സുരഭി വിവാഹമോചനത്തെ കുറിച്ച് പറഞ്ഞത്. വിവാഹമോചനത്തെ കുറിച്ച് ഒന്നിച്ചാണ് തീരുമാനമെടുത്തതെന്നും സുരഭി പറഞ്ഞു.
സുരഭിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് വിപിന്‍ വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ചത്. 'അവസാന സെല്‍ഫി. ഞങ്ങള്‍ ഡിവോഴ്സ് ആയിട്ടോ. നോ കമന്റ്സ്. ഇനി നല്ല ഫ്രണ്ട്സ് ഞങ്ങള്‍' എന്നാണ് വിപിന്‍ സുരഭിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചത്.