രേണുക വേണു|
Last Modified ചൊവ്വ, 2 ജൂലൈ 2024 (11:19 IST)
കൂടുതല്‍ വോട്ട് കിട്ടിയിട്ടും ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തന്നെ എടുക്കാത്തതില്‍ പരാതിയുമായി നടന്‍ രമേഷ് പിഷാരടി. ജനാധിപത്യ വ്യവസ്ഥിതിയിലാകണം തിരഞ്ഞെടുപ്പെന്നും തന്നെക്കോള്‍ വോട്ട് കുറഞ്ഞവര്‍ എക്‌സിക്യൂട്ടീവില്‍ എത്തിയത് ശരിയായില്ലെന്നും ചൂണ്ടിക്കാട്ടി പിഷാരടി 'അമ്മ'യ്ക്കു കത്തയച്ചു.
ഭരണഘടന പ്രകാരം ഭരണസമിതിയില്‍ നാല് സ്ത്രീകള്‍ വേണമെന്നാണ് ചട്ടം. അതിനാലാണ് താന്‍ പുറത്തായതെന്നും വോട്ട് കുറഞ്ഞവര്‍ക്കായി മാറി നില്‍ക്കേണ്ടി വന്നത് ജനഹിതം റദ്ദ് ചെയ്യുന്നതിനു തുല്യമാണെന്നും കത്തില്‍ പറയുന്നുണ്ട്. തനിക്ക് വോട്ട് ചെയ്തവരില്‍ പലരും വോട്ട് പാഴായതിനെ പറ്റി പരാതി പറയുന്നു. ഈ സാഹചര്യം നേരത്തെ വ്യക്തമാക്കിയിരുന്നെങ്കില്‍ നോമിനേഷന്‍ പിന്‍വലിക്കാന്‍ തയ്യാറാകുമായിരുന്നു. ഇത് പരിഹാരം ആവശ്യമുള്ള സാങ്കേതിക പ്രശ്‌നമാണെന്നും സ്ത്രീ സംവരണം അനിവാര്യമാണെന്നിരിക്കെ കൃത്യവും പ്രായോഗികവുമായ ഭരണഘടന ഭേദഗതി വേണമെന്നും പിഷാരടി ആവശ്യപ്പെട്ടു.
അതേസമയം കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്, ജോയ് മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, അനന്യ, വിനു മോഹന്‍, ടൊവിനോ തോമസ് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വോട്ടെടുപ്പില്‍ ജയിച്ച് തിരഞ്ഞെടുക്കപ്പെട്ടത്. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സരയൂ, അന്‍സിബ, രമേഷ് പിഷാരടി, റോണി ഡേവിഡ് എന്നിവര്‍ തോറ്റു. സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പരാജയപ്പെട്ടെങ്കിലും സരയൂവും അന്‍സിബയും എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉണ്ടാകും. 'അമ്മ'യുടെ ഭരണഘടനയനുസരിച്ച് ആകെയുള്ള 17 ഭാരവാഹികളില്‍ നാല് പേര്‍ സ്ത്രീകള്‍ ആയിരിക്കണം. ഇക്കാരണത്താലാണ് രമേഷ് പിഷാരടിക്ക് എക്‌സിക്യൂട്ടീവില്‍ സ്ഥാനം ലഭിക്കാതിരുന്നത്.