BIJU|
Last Modified ബുധന്‍, 19 സെപ്‌റ്റംബര്‍ 2018 (16:47 IST)
അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളില്‍ മമ്മൂട്ടി മിന്നിത്തിളങ്ങാറുണ്ട് എന്നും. അല്‍പ്പമെങ്കിലും ഫയറുള്ള കഥാപാത്രമാണെങ്കില്‍ മമ്മൂട്ടി അഭിനയിക്കുമ്പോള്‍ അവ ഉജ്ജ്വലമാകുന്നു. അതിന് ഉദാഹരണമായി എത്രയെത്ര സിനിമകള്‍! അതുകൊണ്ടുതന്നെ പെര്‍ഫോം ചെയ്യാന്‍ സാധ്യതയുള്ള കഥാപാത്രങ്ങള്‍ വരുമ്പോള്‍ സംവിധായകര്‍ ആദ്യം തേടാറുള്ളതും മമ്മൂട്ടിയെത്തന്നെയാണ്.
എസ് എല്‍ പുരം സദാനന്ദന്‍റെ ‘കാട്ടുകുതിര’ എന്ന നാടകം പി ജി വിശ്വംഭരന്‍ സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ നായകകഥാപാത്രമായ കൊച്ചുവാവയായി അദ്ദേഹം മനസില്‍ കണ്ടത് മമ്മൂട്ടിയെയായിരുന്നു. 1981ല്‍ സ്ഫോടനം എന്ന മെഗാഹിറ്റ് സിനിമ തൊട്ട് തുടങ്ങിയതാണ് മമ്മൂട്ടിയും പി ജി വിശ്വംഭരനുമായുള്ള ബന്ധം. 89 വരെ ഈ ടീം ചെയ്തത് 23 ചിത്രങ്ങള്‍. ആ ഒരു കോണ്‍ഫിഡന്‍സിലാണ് പി ജി വിശ്വംഭരന്‍ മമ്മൂട്ടിയെ സമീപിച്ചത്.
എന്നാല്‍ അത്ര ആശാവഹമായിരുന്നില്ല മമ്മൂട്ടിയുടെ മറുപടി. ആ സമയത്ത് തിരക്കില്‍ നിന്ന് തിരക്കിലേക്ക് കുതിക്കുകയായിരുന്നു മമ്മൂട്ടി. കാട്ടുകുതിരയ്ക്ക് മമ്മൂട്ടിയുടെ ഡേറ്റ് കിട്ടാന്‍ സാധ്യതയില്ലെന്ന് മനസിലാക്കിയ പി ജി വിശ്വംഭരന്‍ പിന്നീട് മഹാനടനായ തിലകനെയാണ് കൊച്ചുവാവയുടെ കഥാപാത്രത്തിനായി സമീപിച്ചത്. കാട്ടുകുതിരയെക്കുറിച്ചും കൊച്ചുവാവയെക്കുറിച്ചും വ്യക്തമായി മനസിലാക്കിയ തിലകന്‍ ഉടന്‍ തന്നെ ‘യെസ്’ പറഞ്ഞു.
കാട്ടുകുതിര നാടകത്തില്‍ കൊച്ചുവാവയായി രാജന്‍ പി ദേവ് കസറിയെങ്കില്‍ സിനിമയില്‍ കൊച്ചുവാവയായി തിലകന്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. രാജന്‍ പി ദേവാണോ തിലകനാണോ കൊച്ചുവാവയായി കൂടുതല്‍ മികച്ചത് എന്ന ഡിബേറ്റ് ഇപ്പോഴും നടക്കുന്നു.
കാട്ടുകുതിര മികച്ച വിജയമായിരുന്നു. തിലകന്‍റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി
കൊച്ചുവാവ വിലയിരുത്തപ്പെടുന്നു. എന്നാല്‍ മമ്മൂട്ടിയായിരുന്നു കൊച്ചുവാവയെ അവതരിപ്പിച്ചിരുന്നതെങ്കിലോ? കാട്ടുകുതിരയ്ക്ക് ഇതിലും വലിയ വാണിജ്യവിജയം ലഭിക്കുമായിരുന്നു എന്നുറപ്പ്.