ഈ വര്‍ഷം ലാഭമുണ്ടാക്കിയ മലയാള സിനിമകള്‍; മുന്നില്‍ മമ്മൂട്ടി, മോഹന്‍ലാലിന്റെ ഒരു സിനിമ പോലും ഇല്ല !

രേണുക വേണു| Last Modified ബുധന്‍, 20 ജൂലൈ 2022 (16:22 IST)

അറുപതിലേറെ മലയാള സിനിമകളാണ് ഈ വര്‍ഷം ഇതുവരെ റിലീസ് ചെയ്തത്. എന്നാല്‍ ഇതില്‍ ഭൂരിഭാഗം ചിത്രങ്ങളും തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞു. നിര്‍മാതാക്കള്‍ക്കും തിയറ്റര്‍ ഉടമകള്‍ക്കും ലാഭമുണ്ടാക്കിയ ചിത്രങ്ങള്‍ വിരലിലെണ്ണാവുന്നത് മാത്രം.

2022 ലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മമ്മൂട്ടിയാണ് മുന്‍പില്‍. തൊട്ടുപിന്നില്‍ പൃഥ്വിരാജ്. മോഹന്‍ലാലിന്റെ ഒരു സിനിമ പോലും തിയറ്ററില്‍ ഈ വര്‍ഷം ലാഭമുണ്ടാക്കിയിട്ടില്ല.

ഭീഷ്മപര്‍വ്വമാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ്. നൂറ് കോടി ടോട്ടല്‍ ബിസിനസാണ് ഭീഷ്മ പര്‍വ്വത്തിനുള്ളത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയതിനൊപ്പം നിര്‍മാതാക്കള്‍ക്ക് വലിയ ലാഭമുണ്ടാക്കി കൊടുത്ത ചിത്രവുമായി ഭീഷ്മ പര്‍വ്വം. മമ്മൂട്ടിയുടെ തന്നെ സിബിഐ 5 - ദ ബ്രെയ്ന്‍ സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും തിയറ്ററുകളില്‍ നിന്ന് ലാഭം കൊയ്തു. സോഷ്യല്‍ മീഡിയയില്‍ അടക്കം മോശം അഭിപ്രായങ്ങളാണ് സിബിഐ 5 ന് കിട്ടിയത്. എന്നിട്ടും ആദ്യ ദിനങ്ങളില്‍ കുടുംബപ്രേക്ഷകര്‍ തിയറ്ററിലെത്തിയത് ചിത്രത്തിനു ഗുണം ചെയ്തു. നിര്‍മാതാവിന് ലാഭമുണ്ടാക്കി കൊടുക്കാന്‍ സിബിഐ 5 ന് സാധിച്ചു.

ഭീഷ്മ പര്‍വ്വത്തിനു ശേഷം തിയറ്ററുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണം വാരിയത് പൃഥ്വിരാജ് ചിത്രങ്ങളാണ്. ജന ഗണ മന, കടുവ എന്നിവയാണ് ഈ വര്‍ഷം സൂപ്പര്‍ഹിറ്റായ രണ്ട് മലയാള ചിത്രങ്ങള്‍. രണ്ടിലും പൃഥ്വിരാജാണ് നായകന്‍. ഈ ചിത്രങ്ങളും നിര്‍മാതാക്കള്‍ക്കും തിയറ്റര്‍ ഉടമകള്‍ക്കും ലാഭമുണ്ടാക്കി കൊടുത്തു.

പ്രണവ് മോഹന്‍ലാലിന്റെ ഹൃദയം തിയറ്ററുകളില്‍ ബ്ലോക്ക്ബസ്റ്ററായി. ജോ ആന്റ് ജോ, സൂപ്പര്‍ ശരണ്യ എന്നിവയാണ് തിയറ്ററുകളില്‍ നിന്ന് ലാഭം കൊയ്ത മറ്റ് രണ്ട് സിനിമകള്‍.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :