"കച്ചറ സിനിമകളിൽ അഭിനയിക്കാൻ പ്രവീണയെ കിട്ടില്ല, അവൾ കുടുംബത്തിൽ പിറന്ന കുട്ടിയാണ്"; മമ്മൂട്ടിയുടെ വാക്കുകൾ ഇന്നും മനസ്സിൽ

20 വർഷമായി മമ്മൂട്ടിയുടെ വാക്കുകൾ മനസ്സിൽ വയ്‌ക്കുന്നു: പ്രവീണ

Rijisha M.| Last Updated: വെള്ളി, 25 മെയ് 2018 (13:39 IST)
വ്യത്യസ്‌തമായ കഥാപാത്രങ്ങൾ കൊണ്ടും അഭിനയ മികവുകൊണ്ടും മലയാള സിനിമയിൽ തിളങ്ങിനിൽക്കുന്ന താരമാണ് പ്രവീണ. നായികയായും അമ്മയായും അനിയത്തിയായുമൊക്കെ സിനിമയിൽ തന്റെ 20 വർഷം പിന്നിടുകയാണ് പ്രവീണ. "സിനിമയിൽ തുടക്കത്തിൽ ഞാൻ നല്ല നല്ല സിനിമകൾ ചെയ്‌തിട്ടുണ്ട്. നല്ല സിനിമകൾ തിരഞ്ഞെടുക്കാൻ എനിക്ക് ഉപദേശം നൽകിയത് മമ്മൂട്ടിയാണ്. അദ്ദേഹത്തിന്റെ ഉപദേശം ഞാൻ 20 വർഷമായി മനസ്സിൽ കൊണ്ടുനടക്കുന്നു. അതിന് മമ്മൂക്കയോട് നന്ദിയുണ്ട്."- ഒരു തമിഴ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇത് വ്യക്തമാക്കിയത്.

"തുടക്കത്തിൽ സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ ഞാൻ സെലക്‌ടീവായിരുന്നു. അതുകൊണ്ടുതന്നെ കുടേ നല്ല സിനിമകൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ആദ്യം നാലു സിനിമകൾ നല്ലത് തിരഞ്ഞെടുത്ത് ചെയ്‌താൽ പിന്നെ വരുന്നതൊക്കെ അങ്ങനെയുള്ളതായിരിക്കും. ആദ്യം തിരഞ്ഞെടുത്തത് തെറ്റാണെങ്കിൽ പിന്നീട് സംഭവിക്കുന്നത് അങ്ങനെ തന്നെയായിരിക്കും. ഇത് എനിക്ക് മമ്മൂട്ടി സാർ പറഞ്ഞുതന്നതാണ്."

"ഞാൻ എന്റെ രണ്ടാമത്തെ ചിത്രമായ ഏഴുപുന്ന തരകൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു. മമ്മൂട്ടി സാറിന്റെ അനിയത്തി വേഷമാണ് എനിക്ക്. അപ്പോഴാണ് നായികയായി അഭിനയിക്കാൻ 2 ഓഫർ വന്നത്. അന്ന് എനിക്ക് 18 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഷൂട്ടിംഗ് തീർന്ന് ഹോട്ടൽ മുറിയിലെത്തിയപ്പോഴായിരുന്നു എനിക്ക് ഒരു കോൾ വന്നത്. അച്ഛനാണ് സംസാരിച്ചത്. പ്രവീണയോട് സംസാരിക്കണം ഒരു കഥ പറയാനുണ്ട് എന്നൊക്കെ പറഞ്ഞു. എന്നോട് പറഞ്ഞാൽ മതിയെന്ന് അച്ഛൻ പറഞ്ഞു. എന്റെ കഥയെല്ലാം കേൾക്കാറുണ്ടായിരുന്നത് അച്ഛനായിരുന്നു. അപ്പോൾ വിളിച്ചയാൾ അത് സമ്മതിച്ചില്ല.
പ്രവീണയെ കാണണം എന്നതിൽ അയാൾ ഉറച്ചു നിന്നു. ആ ചിത്രം വേണ്ടെന്ന് അച്ഛൻ തീരുമാനിച്ചു."

"പിറ്റേന്ന് ഷൂട്ടിംഗ് ലൊക്കേഷനിൽ ഞാൻ വിഷമിച്ചിരിക്കുന്നതു കണ്ടപ്പോൾ മമ്മൂട്ടി സാർ കാര്യം ചോദിക്കുകയും ആ വിളിച്ചയാളുടെ നമ്പറിലേക്ക് തിരിച്ച് വിളിക്കുകയും ചെയ്‌തു. കര്യം അന്വേഷിക്കുകയും ചെയ്‌തു. പ്രവീണ ഇതേ പോലുള്ള കച്ചറ സിനിമകളിൽ അഭിനയിക്കില്ലെന്നും അവൾ നല്ല കുടുംബത്തിൽ ജനിച്ച കുട്ടിയുമാണെന്ന് പറഞ്ഞു. ഇത് കേട്ട ഞാൻ ആകെ ഷോക്കിലായി. അപ്പോഴാണ് അദ്ദേഹം പറഞ്ഞത് നീ ചെറിയ കുട്ടിയാണ്, സിനിമയിലേക്ക് വന്നതേ ഉള്ളൂ. ഇതുപോലെയുള്ള കുറേ കോളുകൾ വരാം. അതിലൊന്നും പോയി ചാടരുത്. നല്ല കഥ, സംവിധായകർ
എന്നിവ നോക്കി സിനിമ ചെയ്‌താൽ നിനക്ക് നല്ല ഭാവിയുണ്ടാകും. അച്ഛനോടും അമ്മയോടും അതുതന്നെ പറഞ്ഞു."

"അന്ന് മമ്മൂട്ടി സാർ പറഞ്ഞ കാര്യം ഇന്നും മനസ്സിലുണ്ട്. 20 വർഷമായി ഞാൻ അത് മനസ്സിൽ സൂക്ഷിക്കുന്നു. അന്നുമുതൽ ഞാൻ സെലക്‌ടീവ് ആയിരുന്നു. കുറേ നല്ല സിനിമകളും ചെയ്‌തിട്ടുണ്ട്"- പ്രവീണ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :