‘10 ലക്ഷം തന്നാൽ കേസ് പിൻ‌വലിക്കാമെന്ന് പറഞ്ഞു’; ലിസിക്കെതിരെ ‘പൊറിഞ്ചു മറിയം ജോസി’ന്റെ തിരക്കഥാകൃത്ത്

Last Modified വെള്ളി, 23 ഓഗസ്റ്റ് 2019 (12:32 IST)
ജോഷി സംവിധാനം ചെയ്ത ‘പൊറിഞ്ചു മറിയം ജോസി’ന്റെ തിരക്കഥയെ ചൊല്ലിയുള്ള തർക്കത്തിൽ ആരോപണമുന്നയിച്ച എഴുത്തുകാരി ലിസിക്ക് മറുപടിയുമായി സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രന്‍. വിഷയത്തിൽ ഒരു കേസ് കോടതിയിൽ എത്തിയിരുന്നു, അന്ന് തന്റെ കഥയും അവരുടെ കഥയും തിരക്കഥയും മുന്‍നിര്‍ത്തി സാമ്യത കാണാന്‍ കഴിയാത്തതിനാല്‍ കോടതി ചെലവു സഹിതം തള്ളുകയാണുണ്ടായതെന്നും ലിസി ഉന്നയിക്കുന്നത് വെറും ആരോപണം മാത്രമാണെന്നും അഭിലാഷ് ഫേസ്ബുക്കിൽ കുറിച്ചു.

പത്തുലക്ഷം രൂപ തന്നാല്‍ കേസില്‍ നിന്നു പിന്മാറാമെന്ന് അറിയിക്കുകയും ചെയ്ത എഴുത്തുകാരി
ഇപ്പോള്‍ റിലീസ് ചെയ്യുന്നതിനു ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ താനെന്ന എഴുത്തുകാരനെ നശിപ്പിക്കാനുള്ള ശ്രമമാണ് അവരുടെ പക്കൽ നിന്നുള്ളതെന്നും അഭിലാഷ് ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

"ഇവിടെയുണ്ട് ഞാനെന്നറിയുവാൻ മധുരമാമൊരു കൂവൽ മാത്രം മതി" എന്ന് ഒരു കവി പാടിയിട്ടുണ്ട്.. പക്ഷെ ഇവിടെ തന്റെ പേര് മറ്റുള്ളവരിലേയ്ക്കെത്തിക്കാൻ ഈ നോവലിസ്റ്റ് നടത്തിക്കൊണ്ടിരിക്കുന്നത് ഒരു ദുഷ്കേളി ( dirty game) യാണ്...കുറച്ചു വിശദമായി ഇതിനെക്കുറിച്ചു പറയാൻ ഞാൻ നിർബന്ധിത നായിരിക്കുകയാണ്..

ഇതേ മോഷണാരോപണവുമായി ഈ സ്ത്രീ അഞ്ചു മാസം മുൻപ് കോടതയിൽ ഹർജി ഫയൽ ചെയ്യുകയും എന്നെയും ഈ സിനിമയ്ക്കു പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവരെയും അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ പത്രസമ്മേളനം നടത്തുകയും ചെയ്തിരുന്നു.. വൈകാരികമായി ആകെ തകർന്നുപോയെങ്കിലും ഈ രാജ്യത്തിന്റെ നീതിപീഠത്തിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു; സത്യം എന്നായാലും തെളിയിക്കപ്പെടുമെന്ന വചനത്തെ മനസ്സാ വരിച്ചിരുന്നു.. കോടതി നടപടിക്രമങ്ങളുടെ ഭാഗമായി എന്റെ തിരക്കഥയുടെ ഒരു കോപ്പി അവർക്കു കൈമാറുകയും ചെയ്തു...അതുകഴിഞ്ഞ് അവർ ഒത്തുതീർപ്പിന് തയ്യാറെന്നു കോടതിയെ അറിയിക്കുകയും കോടതി നിയോഗിച്ച മാധ്യസ്ഥന്റെ സാന്നിധ്യത്തിൽ ചർച്ചയ്ക്കു വരികയും ചെയ്‌തു..അവർ ഇതേ പല്ലവികൾ ആവർത്തിക്കുകയും തന്റെ നോവലിനു കിട്ടിയ അവാർഡുകൾ എടുത്തുപറഞ്ഞുകൊണ്ട് എന്നെ അവഹേളിക്കുന്ന ഭാഷയിൽ സംസാരിക്കുകയും ചെയ്തു..കാട്ടാളൻപൊറിഞ്ചു , പുത്തൻ പള്ളി ജോസ് എന്നീ ജീവിച്ചിരുന്ന മനുഷ്യരുടെ പേരുകളിന്മേൽ അവർക്കെന്ത് copy right ആണുള്ളതെന്ന് ഞാൻ ചോദിച്ചപ്പോൾ അവർ പത്തു തവണ തിരക്കഥയെഴുതി ബുദ്ധിമുട്ടിയ കണക്കു പറഞ്ഞു ഒച്ചയുയർത്തുകയും ഒടുവിൽ പത്തുലക്ഷം രൂപ തന്നാൽ കേസിൽ നിന്നു പിന്മാറാമെന്ന് അറിയിക്കുകയും ചെയ്തു..അപ്പോൾ ഞാൻ അവരോട് ഇത്രയേ ചോദിച്ചുള്ളൂ ," മറ്റൊരാളുടെ കഥയ്ക്ക് അവകാശവാദമുന്നയിക്കുന്ന നിങ്ങൾക്ക് as a writer എന്ത് genuinity ആണുള്ളത്" എന്ന്..അപ്പോൾ അവർ മീഡയേറ്ററെ നോക്കി പറഞ്ഞ ഒരു വാചകം ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നുണ്ട് "ഇവനോടൊക്കെ സംസാരിച്ചിട്ടെന്ത് റ്റാ കാര്യം? ഇവന്റെല് പത്തുരൂപ എടുക്കാനുണ്ടാ"? എന്നായിരുന്നു അത്.. സാഹിത്യലോകത്തിന്റെ പ്രതിനിധിയെന്നു സ്വയം അവകാശപ്പെടുന്ന അവരെ ഞാൻ ശരിക്കും മനസ്സിലാക്കിയത് അപ്പോഴാണ്.. ഒത്തുതീർപ്പിന് തയ്യാറല്ലെന്നും കോടതി രണ്ടു തിരക്കഥകളും വായിച്ച് വിധിപറയട്ടെയെന്നും ഞാൻ പറഞ്ഞപ്പോൾ അവർ വീണ്ടും എന്നെ ശകാരിക്കുകയും സിനിമ റിലീസ് തടയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു..

പിന്നീട് കോടതി വിശദമായി വാദം കേൾക്കുകയും എന്റെ തിരക്കഥയും അവരുടെ നോവൽ, തിരക്കഥ എന്നിവയും കൈയ്യിൽ വാങ്ങുകയും ചെയ്തു.. വിധി ദിനം വന്നു.. (വിധി കേൾക്കാൻ പരാതിക്കാരിവന്നിരുന്നില്ല).. ബഹുമാന്യ കോടതി പ്രസ്താവിച്ച വിധിയുടെ മുഴുവൻ പകർപ്പ് ചുവടെ ചേർക്കുന്നു.. സൂക്ഷ്മപരിശോധനകളിലൂടെ കോടതി എത്തിച്ചേർന്ന വിധി പേജ് 9ൽ നിങ്ങൾക്ക് കാണാൻ സാധിക്കും.. എന്റെ തിരക്കഥയും (Ext.B1) അവരുടെ നോവൽ, തിരക്കഥ എന്നിവയും (Exts. A4 and AT) ശ്രദ്ധാപൂർവ്വം വായിച്ചുനോക്കി (carefully gone through) ഇവ തമ്മിൽ ഒരു സാമ്യവും കണ്ടെത്താനായില്ലെന്നു പറഞ്ഞ കോടതി പരാതിക്കാരിയുടെ ഹർജി ചിലവുസഹിതം(petition stands dismissed with cost ) തള്ളുകയാണ് ചെയ്തത്..

ഇപ്പോൾ സിനിമ റിലീസ് ചെയ്യുന്നതിനു ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ കോടതി നടപടി പ്രകാരം കൈയ്യിൽ കിട്ടിയ എന്റെ തിരക്കഥ വായിച്ചോ അതോ ട്രെയ്‌ലർ കണ്ട് ഊഹിച്ചോ സിനിമയെക്കുറിച്ചുള്ള ചില സൂചനകൾ ഉൾപ്പെടുത്തി നടത്തുന്ന അപകടകരമായ ഈ ഉപജാപം ഈ രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള ധിക്കാരവും വ്യക്തിപരമായി ഞാനെന്ന എഴുത്തുകാരനെയും ഈ സിനിമായേയും നശിപ്പിക്കാൻ ലക്ഷ്യം വച്ചുള്ളതുമാണ്.. മാത്രമല്ല ഈ രാജ്യത്തെ. നിയമവ്യവസ്ഥയോടുള്ള തികഞ്ഞ ധിക്കാരവുമാണ് ഈ പ്രവൃത്തി...ഇതിനെതിരെ ഞാൻ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതായിക്കും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :