നിഹാരിക കെ എസ്|
Last Modified ശനി, 14 ഡിസംബര്‍ 2024 (09:25 IST)
പുഷ്പ 2 റിലീസിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിന് പിന്നാലെ പോലീസിനെതിരെ സന്ധ്യ തിയറ്റർ. പൊലീസ് സുരക്ഷയ്ക്ക് ഡിസംബർ 2-ന് തന്നെ അപേക്ഷ നൽകിയെന്ന് തിയറ്റർ മാനേജ്മെന്‍റ് പറഞ്ഞു. അല്ലു അർജുൻ പ്രീമിയർ ഷോക്ക് വരുന്ന കാര്യം തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് പൊലീസ് ആവർത്തിക്കുന്നതിനിടെയാണ് പുതിയ വാദം.
ഡിസംബർ 4-നാണ് പ്രീമിയർ ഷോയ്ക്ക് തൊട്ട് മുൻപ് തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചത്. എന്നാൽ ഡിസംബർ 2-ന് തന്നെ അല്ലു വരുന്ന വിവരം അറിയിച്ചിരുന്നുവെന്നാണ് സന്ധ്യ തിയറ്റർ മാനേജ്മെന്‍റ് പറയുന്നത്. അല്ലു അർജുൻ പ്രീമിയർ ഷോയ്ക്ക് വരുന്ന കാര്യം സന്ധ്യ തിയറ്റർ മാനേജ്മെന്‍റ് അറിയിക്കാൻ വൈകിയെന്ന് നേരത്തെ പൊലീസ് ആരോപിച്ചിരുന്നു. തിയറ്റർ ഉടമകളെ പൊലീസ് കേസിൽ അറസ്റ്റും ചെയ്തിരുന്നു.
അതേസമയം, ഇടക്കാല ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് നടന്‍ അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി. ഇന്ന് രാവിലെയാണ് താരം ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഇന്നലെ വൈകിട്ട് മുതല്‍ ഇന്ന് പുലര്‍ച്ചെ വരെ അല്ലു ജയിലില്‍ ചെലവഴിച്ചു. തെലങ്കാന ഹൈക്കോടതിയാണ് താരത്തിനു ഇടക്കാല ജാമ്യം അനുവദിച്ചത്. ജാമ്യത്തിന്റെ പകര്‍പ്പ് ജയില്‍ സൂപ്രണ്ടിനു ലഭിച്ചതിനു പിന്നാലെ താരത്തെ പുറത്തിറക്കി.