രേഖാചിത്രത്തിന് ഇന്റർവെൽ ഇല്ല? സംവിധായകൻ ജോഫിൻ ടി ചാക്കോ പറയുന്നു

Rekhachitram
Rekhachitram
നിഹാരിക കെ.എസ്| Last Modified തിങ്കള്‍, 30 ഡിസം‌ബര്‍ 2024 (10:15 IST)
ആസിഫ് അലി, അനശ്വര രാജൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ക്രൈം ത്രില്ലറാണ് രേഖാചിത്രം. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരിയിൽ റിലീസ് ആകും. ചിത്രത്തിന് ഇന്റർവെൽ ഇല്ലെന്ന തരത്തിൽ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ജോഫിൻ ടി ചാക്കോ. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് ജോഫിൻ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

രേഖാചിത്രത്തിൽ ഇന്റർവെൽ ഉണ്ടെന്നും എന്നാൽ അത് നമ്മൾ സാധാരണ കണ്ടു ശീലിച്ച തരത്തിൽ ആയിരിക്കില്ലെന്നും ജോഫിൻ പറഞ്ഞു. ഇന്റർവെൽ ബ്ലോക്കിന് വേണ്ടിയായി ഒന്നും സ്ക്രിപ്റ്റിൽ ചേർത്തിട്ടില്ല. ഹോളിവുഡ് സിനിമകളൊക്കെ തിയേറ്ററുകാർ തന്നെ ബ്രേക്ക് ചെയ്യുകയാണ് പതിവ്. അതിന് പകരം അവർക്ക് നിർത്താനുള്ള ഒരു ഭാഗം നമ്മൾ കൊടുക്കും. അതുപോലെ അവർക്ക് പടം പോസ് ചെയ്യാനുള്ള ഒരു ഭാഗം രേഖാചിത്രത്തിൽ ഉണ്ടാകും എന്നാണ് സംവിധായകൻ പറയുന്നത്.

'രണ്ട് മണിക്കൂറും പത്ത് മിനിറ്റുമുള്ള സിനിമയാണിത്. നമ്മൾ കണ്ടു ശീലിച്ച ഒരു രീതി അനുസരിച്ച് 2 മണിക്കൂർ മുഴുവനും ഇരുന്ന് സിനിമ കാണുക എന്നത് ഇന്ത്യൻ സിനിമയിൽ പോസിബിൾ അല്ല. സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ളവർക്ക് ഒറ്റയടിക്ക് അത്രയും നേരം ഇരിക്കുക എന്നത് നടക്കണമെന്നില്ല.

ഇന്റെർവെല്ലിന് വേണ്ടി പ്ലാൻ ചെയ്ത ഭാഗം സിനിമയുടെ മുപ്പത്തഞ്ചാം മിനിറ്റിൽ സംഭവിക്കും. പടത്തിന്റെ ഏറ്റവും ഹൈ പോയിന്റായി എനിക്ക് തോന്നുന്നത് ആ ഭാഗമാണ്. അതിന് ശേഷം പടത്തിന്റെ ഹൈ പോയിന്റ് വരുന്നത് അറുപതാമത്തെ മിനിറ്റിലാണ്. അങ്ങനെ നോക്കുമ്പോൾ ഒരു ഇന്റർവെൽ പ്ലേസ്മെന്റ് ഈ സിനിമയ്ക്കില്ല. അതുകൊണ്ട് തന്നെ ഇന്റർവെൽ ബ്ലോക്കിന് വേണ്ടിയായി ഒന്നും സ്ക്രിപ്റ്റിൽ ചേർത്തിട്ടില്ല', ജോഫിൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :