'സംവിധായകനിൽ നിന്നുള്ള പീഡനം, ഇനി 'ഉപ്പും മുളകി'ലേക്കും ഇല്ല': നിഷ സാരംഗ്

'സംവിധായകൻ മോശമായി പെരുമാറുന്നു, എന്നോടുള്ള വൈരാഗ്യം എന്റെ കഥാപാത്രത്തോടും കാണിക്കുന്നു': വെളിപ്പെടുത്തലുമായി നിഷ സാരംഗ്

Rijisha M.| Last Updated: ഞായര്‍, 8 ജൂലൈ 2018 (12:16 IST)
'ഉപ്പും മുളകും' പരിപാടി അറിയാത്തവർ ചുരുക്കം പേരെ കാണുകയുള്ളൂ. കേരളക്കര നിറഞ്ഞ മനസ്സോടെ സ്വീകരിച്ച സീരിയലാണിത്. എന്നാൽ പരിപാടിയുടെ സംവിധായകനെതിരെ കടുത്ത വിമർശനവുമായി എത്തിയിരിക്കുകയാണ് നിഷ സാരംഗ്. മോശമായി പെരുമാറിയപ്പോൾ എതിർത്തതിനാൽ സംവിധായകന്‍ പക വച്ച് പെരുമാറുന്നുവെന്നും കാരണം കൂടാതെ സീരിയലില്‍ നിന്ന് നീക്കിയെന്നും നിഷ പറയുന്നു. റിപ്പോർട്ടർ ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

''സംവിധായകനെ അനുസരിക്കാതെ അമേരിക്കയിലേക്ക് പോയി അതുകൊണ്ട് ഉപ്പും മുളകില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തുകയാണെന്നാണ് തനിക്ക് കിട്ടിയ അറിവ്. എന്നാല്‍ ചാനല്‍ ഡയറക്ടറുടെ അടക്കം രേഖാ മൂലം അനുവാദം വാങ്ങിയാണ് ഞാന്‍ അമേരിക്കയില്‍ നടന്ന അവാര്‍ഡ് ഷോയ്ക്ക് പോയത്.

മുന്‍പ് ഉണ്ണികൃഷ്ണന്റെ ഭാഗത്ത് നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നോട് വളരെ മോശമായി പുള്ളി പെരുമാറിയിട്ടുണ്ട്. ഞാനതിനെ ഭയങ്കരമായി എതിര്‍ത്തിട്ടുണ്ട്. എന്നാല്‍ എത്ര ആട്ടി ഓടിച്ചാലും പിന്നേം തോണ്ടാന്‍ വരും. മോശമായ വാക്കുകള്‍ ഉപയോഗിക്കും. എന്നോടിങ്ങനെ പറയരുതെന്ന് പല വട്ടം പറഞ്ഞിട്ടും കേട്ടിട്ടില്ല. മൊബൈലിലേക്ക് മെസേജുകള്‍ ഒക്കെ അയക്കും. സഹതാരമായ ബിജു സോപാനം പല തവണ ഇത് സംവിധായകനോട് ചോദിച്ചിട്ടുണ്ട്. എന്നിട്ടും കാര്യമൊന്നും ഉണ്ടായില്ല. പിന്നീട് എടി പോടി എന്ന് തുടങ്ങി മോശം വാക്കുകള്‍ വരെ വിളിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ ശ്രീകണ്ഠന്‍ സാറിന് ഫോണ്‍ ചെയ്ത് വിവരം പറഞ്ഞു. അദ്ദേഹം ഉണ്ണികൃഷ്ണനെ കണ്ട് വാര്‍ണിങ് കൊടുത്തു. അതിന് ശേഷം എന്നോട് ദേഷ്യമുണ്ട്. എങ്ങനെയൊക്കെ ഒരു സ്ത്രീയെ വേദനിപ്പിക്കാമോ അതുപോലെ ഒക്കെ വേദനിപ്പിച്ചിട്ടുണ്ട്. കരഞ്ഞു കൊണ്ടാണ് ഞാന്‍ മിക്ക ദിവസവും അഭിനയിച്ചിട്ടുള്ളത്.

എന്നോടുള്ള വൈരാഗ്യം എന്റെ കഥാപാത്രത്തോടും കാട്ടുകയാണ്. ആ സംവിധായകന്‍ ഉള്ളിടത്തോളം കാലം ആ സീരിയലിലേക്ക് തിരിച്ച് പോകാന്‍ ആഗ്രഹിക്കുന്നില്ല. അല്ലെങ്കില്‍ സംവിധായകനില്‍ നിന്ന് ഒരുതരത്തിലുമുള്ള മാനസിക പീഡനവും ഏല്‍ക്കില്ലെന്ന് ചാനല്‍ ഉറപ്പ് നല്‍കണം, അങ്ങനെയാണെങ്കില്‍ മാത്രം താന്‍ അഭിനയിക്കൂ" എന്നും നിഷ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :