നസ്രിയ-ഫഹദ് ജോഡി വീണ്ടും!! അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസ് അവസാനഘട്ടത്തിലേക്ക്; റിലീസ് ക്രിസ്മസിന്

കേരളത്തിലും തമിഴ്നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായി ഒരു വര്‍ഷത്തിലേറെയായി ചിത്രീകരണം നടക്കുന്ന ‘ട്രാൻസി’ന്റെ ക്ലൈമാക്സ് ഭാഗങ്ങളാണ് ഇനി ചിത്രീകരിക്കാൻ ബാക്കിയുള്ളത്.

Last Modified ശനി, 13 ജൂലൈ 2019 (09:43 IST)
നീണ്ട ഏഴുവർഷങ്ങൾക്ക് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും നസീമും നായികാനായകന്മാരാകുന്നു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന “ട്രാൻസ്” എന്ന ഫഹദ് ചിത്രം ഡിസംബറിൽ റിലീസ് ആയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ആംസ്റ്റെര്‍ഡാമിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായി.

കേരളത്തിലും തമിഴ്നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായി ഒരു വര്‍ഷത്തിലേറെയായി ചിത്രീകരണം നടക്കുന്ന ‘ട്രാൻസി’ന്റെ ക്ലൈമാക്സ് ഭാഗങ്ങളാണ് ഇനി ചിത്രീകരിക്കാൻ ബാക്കിയുള്ളത്. പോസ്റ്റ് പ്രൊഡക്ഷനു മുൻപ് ഒരാഴ്ച്ച കൊണ്ട് ഈ ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. എറണാകുളം ജില്ലയിലായിരിക്കും ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ഷൂട്ടിംഗ് നടക്കുക. കന്യാകുമാരി, കൊച്ചി, മുംബൈ, പോണ്ടിച്ചേരി, ആംസ്റ്റെർഡാം എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

ചില റിപ്പോർട്ടുകളിൽ പരാമർശിക്കുന്നത് പോലെ ആന്തോളജി ഗണത്തിൽപെടുന്ന ചിത്രമായിരിക്കില്ല ട്രാൻസ് എന്ന് സംവിധായകൻ പറയുന്നു. ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിവിധ ജീവിതഘട്ടങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.

2017ൽ ജൂലൈയിൽ ആണ് ചിത്രീകരണം ആരംഭിക്കുന്നത്. നാല് ഷെഡ്യൂളുകളിൽ രണ്ട് വർഷം നീണ്ട ചിത്രീകരണം തന്നെയായിരുന്നു അണിയറപ്രവർത്തകരും ഉദേശിച്ചിരുന്നത്. ചിത്രത്തിനായി ഫഹദ് താടി നീട്ടി വളർത്തി. ട്രാൻസിനായി തന്റെ സമയം മുഴുവൻ നൽകുകയുണ്ടായി. മാത്രമല്ല ചിത്രത്തിന്റെ ഡേറ്റ് പ്രശ്നങ്ങൾ ഒഴിവാക്കാൻ മറ്റു ചിത്രങ്ങളിലൊന്നും നടൻ ഈ കാലയളവിൽ കരാർ ഒപ്പിട്ടില്ല.

അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോർജ്, ധർമജൻ, ആഷിക്ക് അബു, ബൈജു, അശ്വതി മേനോന്‍, ദിലീഷ് പോത്തൻ, വിനീത് വിശ്വൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഏകദേശം 20 കോടിയാണ് സിനിമയുടെ ബജറ്റ് എന്നും റിപ്പോർട്ട് ഉണ്ട്. ഹോളിവുഡ് ചിത്രങ്ങളിലും പരസ്യചിത്രങ്ങളിലുമൊക്കെയാണ് സാധാരണയായി ഉപയോഗിക്കുന്ന റോബോട്ടിക് കാമറയിലാണ് ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നത്. ഇതാദ്യമായാണ് മലയാളത്തിൽ റോബോട്ടിക് ക്യാമറ ഉപയോഗിക്കുന്നത്. വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്‌സണ്‍ വിജയന്‍ (റെക്സ് വിജയന്റെ സഹോദരൻ) സംഗീതം നല്‍കുന്നു.

അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഫഹദ് വ്യത്യസ്ത ഗെറ്റപ്പുകളിലാണെത്തുന്നത്. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. 2012ല്‍ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന മുഴുനീള ചിത്രമാണ് ‘ട്രാന്‍സ്’ . ഇതിനിടെ ‘അഞ്ചു സുന്ദരികള്‍’ എന്ന ആന്തോളജി ചിത്രത്തില്‍ ‘ആമി’ എന്ന ഭാഗം അദ്ദേഹം സംവിധാനം ചെയ്തിരുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :