'കോമ'യിൽ ആയിരിക്കുന്നവൻറെ പ്രണയം, പൃഥ്വി പിൻമാറിയതിൻറെ കാരണമെന്ത്?

 നാളെ രാവിലെ, റോഷൻ ആൻഡ്രൂസ്, പൃഥ്വിരാജ്, നൈല, സഞ്‌ജയ് ബോബി
Last Modified ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (17:37 IST)
പദ്‌മരാജൻ സിനിമകളുടെ പേരുപോലെ ആകർഷണീയം എന്നായിരുന്നു റോഷൻ ആൻഡ്രൂസ് തൻറെ പുതിയ പടത്തിൻറെ പേര് പ്രഖ്യാപിച്ചപ്പോൾ തോന്നിയത് - 'നാളെ രാവിലെ'. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിൽ ഉഷ നായികയാകുമെന്നായിരുന്നു റിപ്പോർട്ടുകൾ. സഞ്‌ജയ് ബോബിയുടേതായിരുന്നു തിരക്കഥ. റോഷനും സഞ്‌ജയും ബോബിയും കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി മനസിലിട്ട് താലോലിച്ച സബ്‌ജക്ടായിരുന്നു അത്.

ഇപ്പോൾ കേൾക്കുന്നത്, ആ പ്രൊജക്ട് വേണ്ടെന്നുവച്ചു എന്നാണ്. ചിത്രത്തിലെ കഥാപാത്രം തനിക്ക് ചേരുന്നതല്ലെന്ന് തിരിച്ചറിഞ്ഞ് പൃഥ്വിരാജ് പിൻമാറിയത്രേ. ഇതിൽ നിരാശരായ റോഷനും ബോബിയും സഞ്‌ജയും സിനിമ വേണ്ടെന്നുവയ്ക്കുകയായിരുന്നു എന്നാണ് വിവരം. 'കോമ' സ്റ്റേജിൽ കഴിയുന്ന ഒരാളുടെ പ്രണയമായിരുന്നു നാളെ രാവിലെയിലൂടെ ഈ ടീം പറയാൻ ആഗ്രഹിച്ചിരുന്നത്രേ.

തൻറെ ഇമേജിന് ചേരുന്നതല്ലെന്നുപറഞ്ഞ് പൃഥ്വി ഈ കഥാപാത്രം വേണ്ടേന്നുവയ്ക്കുമെന്ന് വിശ്വസിക്കുക പ്രയാസം. കാരണം, സ്വവർഗപ്രേമിയായ പൊലീസുകാരനെ 'മുംബൈ പോലീസ്' എന്ന ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട് പൃഥ്വി. റോഷൻറെ തന്നെ സൃഷ്ടിയായിരുന്നു അതും. അപ്പോൾ പിന്നെ അതിലും ചലഞ്ചിംഗ് ആയ ഒരു കഥാപാത്രത്തെ റോഷൻ നൽകുമ്പോൾ പൃഥ്വിരാജ് തൻറെ ഇമേജിൻറെ പേരിൽ അത് തള്ളിക്കളയാൻ വഴിയില്ല. നാളെ രാവിലെ ഉപേക്ഷിക്കപ്പെട്ടതിൻറെ കാരണം മറ്റെന്തെങ്കിലുമാകാം എന്ന നിഗമനത്തിലാണ് സിനിമാലോകം.

ഗുസാരിഷ്, മുല്ലവള്ളിയും തേൻമാവും, ബ്യൂട്ടിഫുൾ തുടങ്ങി സമാനമായ സബ്‌ജക്ടുകൾ പറഞ്ഞ പടങ്ങളെല്ലാം സ്വീകരിച്ച ആസക്വാദകരാണ് നമ്മുടേത്. അതിലും മികച്ച ഒരു സൃഷ്ടിയാകുമായിരുന്നു 'നാളെ രാവിലെ' സംഭവിച്ചിരുന്നു എങ്കിൽ. എല്ലാ തെറ്റിദ്ധാരണകളും മാറി ഈ സിനിമ വേഗം തുടങ്ങാൻ കഴിയട്ടെ എന്നാശംസിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :