പ്രതിഫലത്തിൽ പൃഥ്വിയെയും മറികടന്ന് നിവിൻ പോളി

Last Modified തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (19:09 IST)
മോഹൻലാലും മമ്മൂട്ടിയും തന്നെയാണ് പ്രതിഫലത്തിൻറെ കാര്യത്തിൽ കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലധികമായി മലയാള സിനിമയിൽ മുന്നിൽ നിൽക്കുന്നത്. മോഹൻലാലിന് ഇപ്പോൾ മൂന്നുകോടിക്ക് മേൽ പ്രതിഫലമുണ്ട്. മമ്മൂട്ടി രണ്ടരക്കോടി വരെ വാങ്ങുന്നു. ദിലീപിന് 2.25 കോടിയാണ് പ്രതിഫലമെന്നാണ് ചില റിപ്പോർട്ടുകൾ. ഇപ്പോൾ കേൾക്കുന്ന വിശേഷം അതല്ല. പ്രതിഫലക്കാര്യത്തിൽ നിവിൻ പോളി സൂപ്പർസ്റ്റാർ പൃഥ്വിരാജിനെ മറികടന്നു എന്നാണ്.

പൃഥ്വിരാജ് ഒരു ചിത്രത്തിന് 1.40 കോടി രൂപ പ്രതിഫലം പറ്റുന്നതായാണ് വെള്ളിനക്ഷത്രം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ നിവിൻ പോളി ഇപ്പോൾ ഒന്നരക്കോടിക്ക് മേൽ പ്രതിഫലം കൈപ്പറ്റുന്നതായും ആ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

മാത്രമല്ല, നിവിൻ പോളിയുടെ ഡേറ്റുണ്ടെങ്കിൽ എത്ര പ്രതിഫലം നൽകാനും തയ്യാറായി നിർമ്മാതാക്കൾ ക്യൂ നിൽക്കുന്നു എന്നാണ് വിവരം. നിവിൻ നായകനാകുന്ന എല്ലാ ചിത്രങ്ങളും 15 കോടിക്ക് മുകളിൽ ബിസിനസ് നടക്കുന്നു എന്നതാണ് ഇതിന് കാരണം.

എബ്രിഡ് ഷൈൻറെ ആക്ഷൻ ഹീറോ ബിജു, നവാഗതനായ അൽത്താഫിൻറെ ചിത്രം, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് നിവിൻ പോളിയുടെ മലയാളം പ്രൊജക്‌ടുകൾ. ഒരു തമിഴ് ത്രില്ലറിലും നിവിൻ ഉടൻ അഭിനയിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :