aparna shaji|
Last Updated:
വ്യാഴം, 16 ഫെബ്രുവരി 2017 (15:15 IST)
ഇപ്പോഴത്തെ താരങ്ങളോടൊക്കെ 'എങ്ങനെയാണ് സിനിമയിലേക്ക് കടന്ന് വന്നതെന്ന്' ചോദിച്ചാൽ അത് തികച്ചും യാദൃശ്ചികം, അപ്രതീക്ഷിതം എന്നൊക്കെയാകും മറുപടികൾ. എന്നാൽ, വളരെ കഷ്ടപ്പെട്ട് സിനിമയിലേക്ക് കടന്നു വന്നവരുണ്ട്. അതിൽ മമ്മൂട്ടിയും മോഹൻലാലും ഒക്കെയുണ്ട്.
ഏറെ ആഗ്രഹത്തോടെ നടത്തിയ നിരവധി പരിശ്രമങ്ങള്‍ക്കൊടുവിലാണ് ദേവലോകം എന്നൊരു ചിത്രത്തില്‍ മമ്മൂട്ടിക്ക് പ്രാധാന്യമുള്ള ഒരു വേഷം കിട്ടിയത്. ഒരുപാട് പ്രയത്നങ്ങളുടെ ഫലമാണ് ഇന്നത്തെ മെഗാസ്റ്റാർ. ആദ്യത്തെ രണ്ട് സിനിമയും വെളിച്ചം കണ്ടില്ല. അതുകൊണ്ട് തന്നെ മൂന്നാമത്തെ സിനിമയിൽ അഭിനയിക്കുന്നുവെന്ന് പറഞ്ഞപ്പോൾ മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത് വിശ്വസിച്ചില്ലത്രേ.
ആസാദ് സംവിധാനം ചെയ്ത 'വില്‍ക്കാനുണ്ട് സ്വപ്‌നങ്ങളി'ലും മമ്മൂട്ടി അഭിനയിച്ചു. പക്ഷേ അത് റിലീസായില്ല. കെ ജി ജോര്‍ജ്ജിന്റെ 'മേള'യിലാണ് മമ്മൂട്ടി മൂന്നാമത് അഭിനയിക്കുന്നത്. ആ ചിത്രം ശ്രദ്ധിക്കപ്പെട്ടു. സര്‍ക്കസ് കൂടാരത്തിലെ കലാകാരന്മാരുടെ കഥപറഞ്ഞ ചിത്രത്തില്‍ ഒരു ബൈക്ക് ജമ്പറുടെ റോളിലായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. എറണാകുളത്ത് അന്ന് നടന്നിരുന്ന റെയ്മണ്ട് സര്‍ക്കസിന്റെ തമ്പിലായിരുന്നു ഭൂരിഭാഗം ചിത്രീകരണവും.
മേളയിൽ അഭിനയിക്കുന്ന കാര്യം മമ്മൂട്ടി സുൽഫത്തിനോട് പറഞ്ഞു. പക്ഷേ അവർ വിശ്വസിച്ചില്ലത്രേ. ഒടുവിൽ വിശ്വസിപ്പിക്കാൻ തന്നെ മെഗാസ്റ്റാർ തീരുമാനിച്ചു. കെ ജി ജോര്‍ജ് സാറിനോട് അദ്ദേഹം ഇക്കാര്യം പറഞ്ഞു. വൈഫിനെ ഷൂട്ടിംഗ് കാണാന്‍ ഒരുദിവസം കൊണ്ടുവന്നോട്ടേ എന്ന്. കാര്യം ബോധ്യമായപ്പോള്‍ അദ്ദേഹം സമ്മതംമൂളി. സുല്‍ഫത്തിനെയുംകൊണ്ട് ഷൂട്ടിംഗ് നടക്കുന്ന എറണാകുളത്തെ ലൊക്കേഷനിലേക്ക് എത്തിയെന്നും, അങ്ങനെ നേരിൽ കണ്ടാണ് സുൽഫത്ത് താനൊരു നടനാണെന്ന് വിശ്വസിച്ചതെന്നും മമ്മൂട്ടി പറഞ്ഞിട്ടുണ്ട്.