കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 9 ജൂണ്‍ 2020 (12:18 IST)
ബോളിവുഡിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി
അമിതാഭ് ബച്ചൻ ചിത്രം. ഗുലാബോ സിറ്റാബോയുടെ തിരക്കഥ മോഷ്ടിച്ചതാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ദേശീയ പുരസ്കാര ജേതാവും ചിത്രത്തിൻറെ തിരക്കഥാകൃത്തുമായ ജൂഹി ചതുർവേദി തിരക്കഥ മോഷ്ടിച്ചു എന്നാണ് ആരോപണം. അന്തരിച്ച തിരക്കഥാകൃത്ത് രാജീവ് അഗർവാളിന്റെ മകള്‍ അകിരയാണ് ജൂഹി ചതുർവേദിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ആമസോൺ പ്രൈമിലൂടെ ജൂലൈ 12ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് ഇത്തരമൊരു ആരോപണം ഉയർന്നത്.
ജൂഹി ചതുർവേദി
ജഡ്ജിയായിരുന്ന ഒരു മത്സരത്തിലേക്ക് രാജീവ് അഗർവാള്‍ സമർപ്പിച്ചിരുന്ന തിരക്കഥയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഗുലാബോ സിറ്റാബോയുടെ തിരക്കഥ എഴുതിയതെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ അകിര നോട്ടീസ് അയച്ചിട്ടുണ്ട്.
എന്നാല്‍ 2018ലെ തിരക്കഥാ മത്സരത്തിന് മുമ്പുതന്നെ ജൂഹി ചതുർവേദി സിനിമയുടെ ആശയം രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നുവെന്നും രാജീവ് അഗര്‍വാളിന്‍റെ തിരക്കഥ ജൂഹി വായിച്ചിട്ടില്ലെന്നും തിരക്കഥാ മത്സരത്തിന്‍റെ ഫൈനലില്‍ വന്ന തിരക്കഥകള്‍ മാത്രമേ ജൂഹി വായിച്ചിട്ടുള്ളൂവെന്നും പത്രക്കുറിപ്പിലൂടെ നിർമാതാക്കളുടെ വക്താവ് വ്യക്തമാക്കി.
ഒൿടോബർ, പികു, വിക്കി ഡോണർ എന്നീ ചിത്രങ്ങൾ ജൂഹിയുടെ തിരക്കഥയിൽ നിന്ന് പിറന്നതാണ്.