മയൂരിയുടെ മരണം ലോഹിതദാസിനെ തളര്‍ത്തി; അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അവള്‍ ആത്മഹത്യ ചെയ്യില്ലായിരുന്നു എന്നായി ലോഹി

രേണുക വേണു| Last Modified ബുധന്‍, 29 ഡിസം‌ബര്‍ 2021 (10:28 IST)

ചുരുക്കം സിനമകള്‍കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ടം സ്വന്തമാക്കിയ നടിയാണ് മയൂരി. മലയാള സിനിമാലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു മയൂരിയുടെ ആത്മഹത്യ. 22-ാം വയസ്സിലാണ് മയൂരി ഈ ലോകത്തോട് വിട പറയുന്നത്. ആത്മഹത്യയുടെ കാരണം ഇന്നും അവ്യക്തമാണ്.

ലോഹിതദാസിന്റെ അരയന്നങ്ങളുടെ വീട് എന്ന സിനിമയില്‍ മയൂരി അഭിനയിച്ചിട്ടുണ്ട്. മയൂരിയുമായി ലോഹിതദാസിന് നല്ല ആത്മബന്ധമുണ്ടായിരുന്നു. മയൂരിയുടെ ആത്മഹത്യയെ കുറിച്ചും അത് തനിക്കുണ്ടാക്കിയ ഞെട്ടലിനെ കുറിച്ചും ലോഹിതദാസ് തന്റെ കാഴ്ചവട്ടം എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്.

കസ്തൂരിമാന്‍ തമിഴില്‍ ചെയ്യുന്ന സമയമായിരുന്നു അത്. മീര ജാസ്മിന്റെ ചേച്ചിയുടെ വേഷം ചെയ്യാന്‍ ഒരു നടിയെ വേണം. ഒരു പുതുമുഖ നടിയെയാണ് ലോഹിതദാസ് തമിഴില്‍ ഈ വേഷം ചെയ്യാന്‍ തീരുമാനിച്ചത്. മലയാളത്തില്‍ സോനാ നായരാണ് ഈ വേഷം ചെയ്തത്. മീര ജാസ്മിന്റെ ചേച്ചിയുടെ കഥാപാത്രം തമിഴില്‍ ചെയ്യാന്‍ നിശ്ചയിച്ച പുതുമുഖ താരം ചില കാരണങ്ങളാല്‍ ഷൂട്ടിങ്ങിന് എത്തിയില്ല. പുതിയ നടിക്കായി ലോഹി തെരച്ചില്‍ ആരംഭിച്ചു. ആ വേഷത്തിനുവേണ്ടിയുള്ള നടിമാരെ അന്വേഷിക്കുന്നതിനിടെ മയൂരിയും ലോഹിതദാസിന്റെ പരിഗണനയില്‍ വന്നു. അരയന്നങ്ങളുടെ വീടിന് ശേഷം മയൂരിയെ കണ്ടിട്ട് രണ്ട് വര്‍ഷത്തിലേറെയായി. ഇപ്പോള്‍ എങ്ങനെയിരിക്കുമെന്ന് ലോഹിതദാസിന് അറിയില്ല. മയൂരിയുടെ ഒരു ഫോട്ടോ സംഘടിപ്പിക്കാന്‍ ലോഹിതദാസ് പ്രൊഡക്ഷന്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കി.

എന്നാല്‍, മയൂരിയുടെ ചിത്രം ലഭിക്കുന്നതിനു മുന്‍പ് വിനോദിനി എന്ന നടിയുടെ ഫോട്ടോ കിട്ടി. വിനോദിനിയെകൊണ്ട് ആ കഥാപാത്രം ചെയ്യിപ്പിക്കാന്‍ ലോഹിതദാസ് തീരുമാനിച്ചു. പിറ്റേന്നാണ് മയൂരിയുടെ ഫോട്ടോ കിട്ടുന്നത്. ഫോട്ടോ കണ്ടപ്പോള്‍ ആ കഥാപാത്രത്തിനു മയൂരിയാണ് കൂടുതല്‍ ചേരുക എന്ന് ലോഹിതദാസിന് തോന്നി. എന്നാല്‍, വിനോദിനിയെ ഇനി തിരിച്ചയക്കുന്നത് ശരിയല്ലെന്ന് ലോഹി നിലപാടെടുത്തു. കസ്തൂരിമാന്‍ ഷൂട്ടിങ് അവസാനിക്കുന്നതിനു ഒരു ദിവസം മുന്‍പ് ആ ദുഃഖവാര്‍ത്ത ലോഹിതദാസിനെ തേടിയെത്തി, 'മയൂരി ആത്മഹത്യ ചെയ്തു'. കസ്തൂരിമാന്‍ തമിഴിലേക്ക് വിളിച്ചുവരുത്തിയിരുന്നെങ്കില്‍ മയൂരി ആത്മഹത്യ ചെയ്യില്ലായിരുന്നു എന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പില്‍ക്കാലത്ത് ലോഹിതദാസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :