പടത്തലവനെ കുടുക്കാന്‍ മുഖ്യമന്ത്രി; കുഞ്ഞാലിമരക്കാരെ വീഴ്‌ത്താന്‍ ‘വണ്‍’ !

കാര്‍ത്തിക വേണുഗോപാല്‍| Last Modified ശനി, 16 നവം‌ബര്‍ 2019 (15:28 IST)
അടുത്ത വര്‍ഷം മാര്‍ച്ചിലാണ് മോഹന്‍ലാലിന്‍റെ ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം‍’ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വി എഫ് എക്‍സിന് ഏറെ പ്രാധാന്യം നല്‍കിയാണ് പ്രിയദര്‍ശന്‍ ഈ സിനിമ ഒരുക്കുന്നത്.

അതേസമയം, കുഞ്ഞാലിമരക്കാരോട് ഏറ്റുമുട്ടുന്നത് മമ്മൂട്ടിച്ചിത്രം ‘വണ്‍’ ആയിരിക്കുമെന്ന് സൂചന. രണ്ടും ഒരേദിവസം റിലീസ് ചെയ്യാനാണ് സാധ്യതയെന്നും സൂചനകള്‍ ലഭിക്കുന്നു. പൊളിറ്റിക്കല്‍ - ഫാമിലി ത്രില്ലറായാണ് വണ്‍ ഒരുങ്ങുന്നത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത സിനിമയ്ക്ക് സഞ്‌ജയ് - ബോബി ടീമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം‍’ ഐമാക്‍സ് ഫോര്‍മാറ്റിലും ഒരുങ്ങുന്നുണ്ട്. ഈ സിനിമയ്ക്ക് ഒരു ചൈനീസ് പതിപ്പും ഉണ്ടാകും. സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, പ്രഭു, സുഹാസിനി മണിരത്‌നം, മഞ്‌ജു വാര്യര്‍, നെടുമുടി വേണു, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സിദ്ദിക്ക് തുടങ്ങിയ വന്‍ താരനിരയാണ് കുഞ്ഞാലി മരക്കാറില്‍ ഉള്ളത്.

കേരളത്തിന്‍റെ മുഖ്യമന്ത്രിയായ കടയ്‌ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വണ്ണില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഗായത്രി അരുണ്‍, സംയുക്‍ത മേനോന്‍ എന്നിവരാണ് നായികമാര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :