അപർണ|
Last Modified വെള്ളി, 20 ജൂലൈ 2018 (12:20 IST)
ആക്രമിക്കപ്പെട്ട നടിയും കുറ്റാരോപിതനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കാലങ്ങളായി ഉള്ളതാണെന്നും അത് നേരത്തെ സംസാരിച്ച് അവസാനിപ്പിക്കേണ്ടതായിരുന്നു എന്നും നടി മംമ്‌താ മോഹൻദാസ്. ഈ സംഭവത്തില്‍ ഭാഗമായ എല്ലാവര്‍ക്കും ഇവര്‍ കടന്ന് പൊയ്‌ക്കോണ്ടിരിക്കുന്ന വഷളായ അവസ്ഥയെക്കുറിച്ച് അറിവുള്ളവരായിരുന്നുവെന്നും മംമ്ത ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
"സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ അവര്‍ക്കൂടി ആണെന്ന് നടി മംമ്‌ത മോഹൻദാസ് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ, നടിയുടെ നിലപാട് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി
റിമ കല്ലിങ്കൽ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, റിമയുടെ മറുപടിക്ക് വീണ്ടും പ്രതികരണവുമായി മംമ്‌ത എത്തിയിരിക്കുകയാണ്.
‘നിങ്ങളുടെ അഭിപ്രായത്തിന് നന്ദി. സമൂഹത്തില്‍ ഒരു സ്ത്രീ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് എനിക്ക് ബോധമുണ്ട്. ഞാന്‍ ബലാത്സംഗത്തിന് ഇരയായിട്ടില്ല എന്നു കരുതി അതൊന്നും എനിക്ക് മനസ്സിലാകില്ല എന്ന് കരുതരുത്.
സ്ത്രീയെ അപലകളെന്ന് ചിത്രീകരിക്കാനും വായ് അടപ്പിക്കാനും വളരെ എളുപ്പമുള്ളൊരു പരിതസ്ഥിതിയിലാണ് ഞാനും ജീവിക്കുന്നത്.
ചുരുക്കത്തില്‍, എനിക്ക് ഇല്ലാത്തത് എമ്പതിയോ ഐക്യുവോ അല്ല.. എനിക്ക് ഇല്ലാത്തത് തെറ്റ് ചെയ്തവരോടുള്ള ക്ഷമയാണ്. ബലാത്സംഗിയെന്ന് തെളിഞ്ഞാല്‍ നീതിപീഠത്തോട് ആവശ്യപ്പെടേണ്ടത് അവരെ തൂക്കിലേറ്റാനാണ്. രണ്ടാമതൊരു അവസരം കൊടുക്കരുത്‘- മംമ്‌ത കുറിച്ചു.
നമ്മളുടെ നിലപാടുകള്‍ വിളിച്ചു പറയാന്‍ ഡബ്ല്യുസിസി പോലൊരു സംഘടനയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. സ്ത്രീകള്‍ മാത്രമുള്ള ഒരു സംഘടനയുടെ ആവശ്യം തനിക്ക് മനസ്സിലാകുന്നില്ല എന്നും മംമ്‌ത അഭിമുഖത്തിൽ പറഞ്ഞിരുന്നു.