‘ദൃശ്യ’ത്തിന്‍റെ കഥ കേട്ടപ്പോള്‍ മമ്മൂട്ടിക്ക് ഓര്‍മ്മ വന്നത് ആ രണ്ട് സിനിമകളായിരുന്നു, ഇത് വേണ്ടെന്നുവയ്ക്കാന്‍ കാരണവും അതുതന്നെ?!

മമ്മൂട്ടി, ദൃശ്യം, എസ് എന്‍ സ്വാമി, Mammootty, Drishyam, S N Swami
Last Modified വെള്ളി, 22 ഫെബ്രുവരി 2019 (20:15 IST)
മോഹന്‍ലാലിന്‍റെ 'ദൃശ്യം' വന്‍ ഹിറ്റായതോടെയാണ് ഫാമിലി ത്രില്ലറുകള്‍ക്ക് മലയാളത്തില്‍ കൂടുതല്‍ പ്രേക്ഷകരെ ലഭിച്ചുതുടങ്ങിയത്. ദൃശ്യം പോലെ അനേകം ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയും ചെയ്തു. എന്നാല്‍ ദൃശ്യം ഇറങ്ങുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടി അഭിനയിച്ച രണ്ട് ഫാമിലി ത്രില്ലറുകള്‍ പ്രേക്ഷകര്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടാകും.

1989ല്‍ പുറത്തിറങ്ങിയ 'ചരിത്രം' ആണ് അതില്‍ ഒന്ന്. 1997ല്‍ പുറത്തിറങ്ങിയ 'ഒരാള്‍ മാത്രം' രണ്ടാമത്തേതും. ചരിത്രം സംവിധാനം ചെയ്തത് ജി എസ് വിജയനായിരുന്നു. ഒരാള്‍ മാത്രം ഒരുക്കിയത് സത്യന്‍ അന്തിക്കാട്. എന്നാല്‍ രണ്ടുചിത്രങ്ങളുടെയും തിരക്കഥ എസ് എന്‍ സ്വാമിയായിരുന്നു.

ചരിത്രത്തില്‍ ഫിലിപ്പ് മണവാളന്‍ എന്ന ഫിനാന്‍സിംഗ് കമ്പനി ഉടമയായാണ് മമ്മൂട്ടി അഭിനയിച്ചത്. ഫിലിപ്പിന്‍റെ അനുജന്‍ രാജു(റഹ്മാന്‍)വിന്‍റെ മരണവും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമായിരുന്നു ആ സിനിമയുടെ പ്രമേയം. ശോഭനയായിരുന്നു നായിക. റഹ്മാന്‍റെ കഥാപാത്രം ഉണര്‍ത്തുന്ന ക്യൂരിയോസിറ്റിയായിരുന്നു ചിത്രത്തിന്‍റെ ആകര്‍ഷണഘടകം. മമ്മൂട്ടി ഒരേസമയം നായകനും വില്ലനുമായി എന്നത് വലിയ പ്രത്യേകതയും. 1958ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ത്രില്ലര്‍ ചെയ്സ് എ ക്രൂക്കഡ് ഷാഡോയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് എസ് എന്‍ സ്വാമി 'ചരിത്രം' രചിച്ചത്. എം ജി രാധാകൃഷ്ണനും രാജാമണിയും ചേര്‍ന്നാണ് ചരിത്രത്തിന് സംഗീതം നിര്‍വഹിച്ചത്. ജി എസ് വിജയന്‍റെ ആദ്യ സംവിധാന സംരംഭമായിരുന്നു ചരിത്രം.

തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ നിന്ന് വിട്ടുമാറി വിരലിലെണ്ണാവുന്ന സിനിമകളേ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്തിട്ടുള്ളൂ. അതിലൊന്നായിരുന്നു ഒരാള്‍ മാത്രം. ശേഖരമേനോന്‍ (തിലകന്‍) എന്ന ഇന്‍കം ടാക്സ് ഉദ്യോഗസ്ഥന്‍റെ തിരോധാനവും അയാളുടെ അയല്‍ക്കാരനായ ഹരീന്ദ്രന്‍ (മമ്മൂട്ടി) എന്ന കോണ്‍ട്രാക്ടര്‍ അതേപ്പറ്റി നടത്തുന്ന അന്വേഷണവുമായിരുന്നു ഒരാള്‍ മാത്രത്തിന്‍റെ പ്രമേയം. ലളിതമായി ആരംഭിച്ച്‌ ഒരു ത്രില്ലറിന്‍റെ ചടുലതയിലേക്ക് ചുവടുമാറിയ ഒരാള്‍ മാത്രത്തില്‍ ശ്രീനിവാസന്‍, സുധീഷ്, ലാലു അലക്സ് തുടങ്ങിയവര്‍ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കൈതപ്രം - ജോണ്‍സണ്‍ ടീമിന്‍റെ മികച്ച ഗാനങ്ങള്‍ ഒരാള്‍ മാത്രത്തില്‍ ഉണ്ടായിരുന്നു. വിപിന്‍ മോഹനായിരുന്നു ഛായാഗ്രഹണം.

മികച്ച സിനിമകളായിരുന്നിട്ടും ഒരാള്‍ മാത്രവും ചരിത്രവും സാമ്പത്തികമായി പരാജയങ്ങളായിരുന്നു. എന്നാല്‍ നല്ല സിനിമകളെ സ്നേഹിക്കുന്നവര്‍ ഇപ്പോഴും ആ സിനിമകളെ മറന്നിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :