രേണുക വേണു|
Last Modified ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (15:50 IST)
Mammootty: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്.ആര്‍ രാജശേഖര റെഡ്ഡിയായി അഭിനയിക്കാന്‍ മമ്മൂട്ടി ഹൈദരബാദിലേക്ക്. മമ്മൂട്ടിയെ നായകനാക്കി മഹി വി.രാഘവ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രം യാത്രയുടെ രണ്ടാം ഭാഗത്തിലാണ് മമ്മൂട്ടി ഇനി അഭിനയിക്കുക. ആദ്യ ഭാഗത്തില്‍ വൈ.എസ്.ആര്‍ രാജശേഖര റെഡ്ഡി ആന്ധ്രയുടെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് നടത്തിയ 1475 കിലോമീറ്റര്‍ പദയാത്രയാണ് സിനിമ അവതരിപ്പിച്ചത്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ വൈ.എസ്.ആറിന്റെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ജീവചരിത്രമാണ് സിനിമ പറയുക. ആന്ധ്രയുടെ ഇപ്പോഴത്തെ മുഖ്യമന്ത്രിയാണ് ജഗന്‍ മോഹന്‍.
തമിഴ് നടന്‍ ജീവയാണ് ജഗന്‍ മോഹന്‍ റെഡ്ഡിയായി അഭിനയിക്കുക. വൈ.എസ്.ആര്‍ രാജശേഖര റെഡ്ഡിയായി വീണ്ടും മമ്മൂട്ടി എത്തും. 15 ദിവസത്തെ ഡേറ്റാണ് ചിത്രത്തിനായി മമ്മൂട്ടി നല്‍കിയിരിക്കുന്നത്. ഹൈദരബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് ചിത്രീകരണം. സെപ്റ്റംബര്‍ 21 മുതലാണ് മമ്മൂട്ടിയുടെ ഭാഗങ്ങള്‍ ചിത്രീകരിക്കുക. അടുത്ത വര്‍ഷം നടക്കുന്ന ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം.
അതേസമയം കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്നത്. പൊലീസ് വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.