BIJU|
Last Updated:
വെള്ളി, 15 ജൂണ്‍ 2018 (21:28 IST)
ഒരു സിനിമ, അതെത്ര മികച്ചതാണെങ്കിലും റിലീസ് ചെയ്യുന്ന സമയം എന്നത് ആ ചിത്രത്തിന്‍റെ വിധിയില്‍ വലിയ ഘടകം തന്നെയാണ്. സിനിമ വിജയിക്കുന്നതിനും പരാജയപ്പെടുന്നതിനുമിടയില്‍ ഒരു നേര്‍ത്ത പാളി മാത്രമാണുള്ളത്. അത് അങ്ങോട്ടോ ഇങ്ങോട്ടോ ചെരിയാന്‍ ചെറുകാറ്റ് മതി. ഒരു മമ്മൂട്ടിച്ചിത്രത്തിന് സംഭവിച്ച കാര്യം പറയാം.
കിരീടമൊക്കെ നിര്‍മ്മിച്ച ദിനേശ് പണിക്കര്‍ മമ്മൂട്ടിയെ നായകനാക്കി നിര്‍മ്മിച്ച മാസ് ചിത്രമായിരുന്നു സ്റ്റാലിന്‍ ശിവദാസ്. അക്ഷരാര്‍ത്ഥത്തില്‍ ബ്രഹ്മാണ്ഡസിനിമ. ജാഥയും ലാത്തിച്ചാര്‍ജ്ജും സമരവും രാഷ്ട്രീയവുമൊക്കെയുള്ള എരിവുള്ള സിനിമ. ടി ദാമോദരന്‍ തിരക്കഥയെഴുതിയ, വലിയ ക്യാന്‍വാസില്‍ കഥ പറഞ്ഞ ചിത്രത്തില്‍ മമ്മൂട്ടിയും ഖുശ്ബുവും അടക്കമുള്ള താരങ്ങള്‍. സംവിധായകന്‍ ടി എസ് സുരേഷ്ബാബു.
അത്രയും വലിയ സിനിമയായിട്ടും വളരെ കുറഞ്ഞ ബജറ്റില്‍ ചിത്രം പൂര്‍ത്തിയാക്കാന്‍ സംവിധായകന്‍ സുരേഷ്ബാബുവിന് കഴിഞ്ഞെന്ന് ദിനേശ് പണിക്കര്‍ പറയുന്നു. വെറും 30 ദിവസത്തില്‍ താഴെ മാത്രമായിരുന്നു ചിത്രീകരണം. സിനിമ റിലീസായി ആദ്യദിനം നല്ല കളക്ഷന്‍ കിട്ടി. രണ്ടാം ദിവസവും മികച്ച കളക്ഷന്‍. ആ രീതിയില്‍ ഒരാഴ്ച ഓടിയാല്‍ ദിനേശ് പണിക്കരുടെ മുടക്കുമുതല്‍ തിരിച്ചുകിട്ടേണ്ടതാണ്. എന്നാല്‍ മൂന്നാം ദിവസമാണ് കളിമാറുന്നത്.
വലിയ വിവാദങ്ങളില്‍ പെട്ട് റിലീസ് മുടങ്ങിക്കിടന്ന ഒരു സിനിമ ഞായറാഴ്ച റിലീസായി. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത സുരേഷ്ഗോപിച്ചിത്രം ‘പത്രം’. ആ സിനിമ അന്ന് റിലീസ് ചെയ്യുമെന്ന് തലേദിവസം വരെ ഒരു സൂചനയുമില്ലായിരുന്നു. പെട്ടെന്ന് ഞായറാഴ്ച പത്രത്തിന്‍റെ അമ്പതോളം പ്രിന്‍റുകള്‍ റിലീസ് ചെയ്തു. വെറും 32 പ്രിന്‍റുകളാണ് സ്റ്റാലിന്‍ ശിവദാസിനുണ്ടായിരുന്നത്.
തീപാറുന്ന ഡയലോഗുകളും മാസ് ആക്ഷനും സുരേഷ്ഗോപിയുടെയും മഞ്ജു വാര്യരുടെയും മുരളിയുടെയും എന്‍ എഫ് വര്‍ഗീസിന്‍റെയും തകര്‍പ്പന്‍ പ്രകടനവും പത്രത്തെ വന്‍ ഹിറ്റാക്കി. പത്രം റിലീസായ ആ ഞായറാഴ്ച തന്നെ ‘സ്റ്റാലിന്‍ ശിവദാസ്’ ഇരുന്നുപോയി. പടം തകര്‍ന്ന് തരിപ്പണമായി. ഒരു സുരേഷ്ഗോപിച്ചിത്രത്തിന്‍റെ അപ്രതീക്ഷിത ആക്രമണത്തില്‍ മമ്മൂട്ടിപ്പടം പൊട്ടിപ്പൊളിയുന്ന കാഴ്ചയ്ക്കാണ് ആ സമയത്ത് മലയാളം ബോക്സോഫീസിന് സാക്‍ഷ്യം വഹിക്കേണ്ടി വന്നത്.