ഏഴാമത്തെ വരവ്; ആ യാത്രയിലാണ് പലതും മാറി മറിയുന്നത്!

മമ്മൂട്ടിയുടെ വരവ് പലതും മറികടക്കാൻ തന്നെ!

aparna shaji| Last Updated: ശനി, 14 ജനുവരി 2017 (14:23 IST)
രഞ്ജിത് സംവിധാനം ചെയ്യുന്ന പത്തൊമ്പാതാമത്തെ ചിത്രമാണ് 'പുത്തൻപണം'. മമ്മൂട്ടി നായകനാകുന്ന ഏഴാമത്തെ രഞ്ജിത് സിനിമ. മമ്മൂട്ടിയുടെ എത്രാമത്തെ സിനിമയാണെന്ന് ചോദിച്ചാൽ കുറച്ച് ബുദ്ധിമുട്ടും. ബ്ലാക് ആയിരുന്നു രഞ്ജിതും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച സിനിമ. പിന്നീട് പ്രജാപതി, കയ്യൊപ്പ്, പാലേരി മാണിക്യം, പ്രാഞ്ചിയേട്ടൻ, കടൽ കടന്നൊരു മാത്തുക്കുട്ടി എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു.

മലയാള ഭാഷയെ അതിന്റെ വ്യത്യസ്തമായ പ്രാദേശികഭേദത്തോടെ, അതേ തനിമയിൽ അവതരിപ്പിക്കുന്ന കാര്യത്തിൽ മമ്മൂട്ടിയെ വെല്ലാൻ ആരുമില്ല. ഭാഷയുടെ വ്യത്യസ്ഥത കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച മമ്മൂട്ടി സിനിമയുടെ കൂട്ടത്തിലേ ഒന്നുകൂടി എഴുതിചേർക്കുകയാണ്. കന്നടയും തുളുവും മലയാളവും കൂടിക്കലർന്ന കാസർഗോഡ് ഭാഷക്കാരനായ നിത്യാനന്ദ ഷേണായി.

മധ്യവയസ്‌കനായ നിത്യാനന്ദ ഷേണായി കാസര്‍കോട് ഉപ്പള സ്വദേശിയാണ്. സമ്പന്നതയുടെ അടിത്തട്ടത്തില്‍ ജനിച്ചു വളര്‍ന്ന ഷേണായി ലുക്കിലും നടപ്പിലും ആര്‍ഭാടം കാണിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്. എഴുത്തുകാരനും തിരക്കഥാകൃത്തുമായ കാസര്‍ഗോഡ്കാരന്‍ പിവി ഷാജികുമാറാണ് മമ്മൂട്ടിയെ കാസര്‍ഗോഡ് ഭാഷ പഠിപ്പിക്കുന്നത്. പുതുമടിശ്ശീലക്കാരന്റെ പൊങ്ങച്ചമുള്ള കഥാപാത്രമാണിത്.

കാസര്‍കോട്ടുനിന്നും ഒരാവശ്യമായി കൊച്ചിയിലെത്തുന്ന നിത്യാനന്ദ ഷേണായിക്ക് ഇവിടെ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്. സമകാലീനമായ സംഭവങ്ങള്‍ക്കെല്ലാം പ്രാധാന്യം നല്കുന്നതിനോടൊപ്പം അതിശക്തമായ ചില ബന്ധങ്ങളും ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. എല്ലാ വിഭാഗങ്ങള്‍ക്കും ഒരു പോലെ ആസ്വദിക്കാവുന്ന ഒരു മാസ് ചിത്രമായിരിക്കും പുത്തന്‍ പണം ക്‌ളീന്‍ എന്റര്‍ടൈനറും. മമ്മൂട്ടിയുടെ നിത്യാനന്ദ ഷേണായി പ്രേക്ഷകര്‍ക്ക്, പുതിയൊരനുഭവമായിരിക്കുമെന്ന് രഞ്ജിത്ത് പറഞ്ഞു.

ഇനിയ, ഷീലു എബ്രഹാം എന്നിവരാണു നായികമാര്‍. സായ്കുമാര്‍, രണ്‍ജിപണിക്കര്‍, ജോളി മുത്തേടന്‍, സുശീല്‍ കുമാര്‍, ജെയ്‌സ്, തുടങ്ങിയവരും ഈ ചിത്രത്തിലണിനിരക്കുന്നു. ത്രികളര്‍ സിനിമയുടെ ബാനറില്‍ എബ്രഹാം മാത്യു, രഞ്ജിത്ത്, അരുണ്‍ നാരായണന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിക്കു പുറമേ, കാസര്‍കോട്, ഗോവ, ഹൈദ്രാബാദ്, രാമേശ്വരം എന്നിവിടങ്ങളില്‍ പൂര്‍ത്തിയാകും. ഏപ്രിലില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :