ഇന്ത്യൻ സിനിമ നിങ്ങളിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു! മണിരത്നം മമ്മൂട്ടിയോട് പറഞ്ഞത്...

മണിരത്നം പറഞ്ഞത് കേട്ട് മമ്മൂട്ടി പൊട്ടിച്ചിരിച്ചു!

aparna shaji| Last Modified വെള്ളി, 13 ജനുവരി 2017 (14:03 IST)
ശബ്ദക്രമീകരണം കൊണ്ടും മുഖത്ത് മിന്നിമായുന്ന ഭാവങ്ങള്‍ കൊണ്ടും വൈകാരിക രംഗങ്ങളെ അഭിനയിച്ച് ഫലിപ്പിക്കാന്‍ ഒരു പക്ഷേ ഇന്ത്യയില്‍ ഏറ്റവും കഴിവുള്ള നടനായിരിക്കും മമ്മൂട്ടി. താന്‍ ഒരു ‘ബോണ്‍ ആക്ടര്‍’ അല്ലെന്ന് മമ്മൂട്ടി പലപ്രാവശ്യം പറഞ്ഞിട്ടുണ്ടെങ്കിലും ചില സിനിമകളിലെ അദ്ദേഹത്തിന്റെ അഭിനയം മറ്റ് ഫാന്‍സിനെപ്പോലും രോമാഞ്ചമണിയിക്കും. അത്തരമൊരു സിനിമയാണ് 'തനിയാവർത്തനം'.

ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ എന്ന പ്രതിഭാധനനായ സംവിധായകന്‍ ചെയ്ത തനിയാവര്‍ത്തനം പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ച പടമാണ്. തിരക്കഥ, സംവിധാനം എന്നിവയ്‌ക്കൊപ്പം മമ്മൂട്ടി എന്ന നടന്റെ അഭിനയ സാധ്യത കൂടി ചേര്‍ന്നപ്പോള്‍ കണ്ണുകളില്‍ ഈറനണിഞ്ഞാണ് പ്രേക്ഷകര്‍ തിയറ്റര്‍ വിട്ടു പോയത്. ബാലന്‍ മാഷ് എന്ന കഥാപാത്രത്തിന്റെ ഉള്ളറിഞ്ഞ അഭിനയമാണ് തനിയാവർത്തനം.

തനിയാവർത്തനവും ബാലൻ മാഷും വലിയ ചർച്ചയായ സമയത്താണ് സംവിധായകൻ മണിരത്നം ചിത്രം കാണുന്നത്. ചിത്രം കണ്ട് മണിരത്നം മമ്മൂട്ടിയെ വിളിച്ച് പറഞ്ഞത് ഇപ്രകാരമാണ് '' വണ്ടർഫുൾ മമ്മൂട്ടി...! ബാലൻ മാഷ് എന്റെ മനസ്സിൽ നിന്നും ഇപ്പോഴും ഇറങ്ങിപ്പോയിട്ടില്ല. ഇന്ത്യൻ സിനിമ നിങ്ങളിൽ നിന്നും ഇനിയും ഏറെ പ്രതീക്ഷിക്കുന്നു. ഞാൻ മാത്രമല്ല, എന്റെ ഭാര്യ സുഹാസിനിയ്ക്കും ഇതേ അഭിപ്രായം തന്നെയാണ്''.

മണിരത്നത്തിന്റേയും സുഹാസിനിയുടെയും അഭിനന്ദനത്തിന് നന്ദി പറഞ്ഞ് കൊണ്ട് മമ്മൂട്ടി പൊട്ടിച്ചിരിക്കുകയായിരുന്നുവത്രേ. മമ്മൂട്ടി നിറഞ്ഞും അറിഞ്ഞും അഭിനയിച്ച ഹൃദയാവര്‍ജകമായ ചിത്രമായിരുന്നു അത്. അന്ധവിശ്വാസങ്ങള്‍ എങ്ങനെ ഭാര്യയും രണ്ടു കുഞ്ഞുകുട്ടികളുമുള്ള, ഒരു പാവം ചെറുപ്പക്കാരനായ സ്കൂള്‍ അധ്യാപകനെ ഒരു ഭ്രാന്തനാക്കി മാറ്റുന്നൂ എന്ന് കണ്ണു നിറയാതെ കണ്ടിരിക്കാന്‍ നമുക്കാവുമായിരുന്നില്ല. അത്രമാത്രം ഹൃദയഭേദകമായിരുന്നു ആ ചിത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :