അതൊരു ഉയർത്തെഴുന്നേൽപ്പ് ആയിരുന്നു, മമ്മൂട്ടിക്കും മലയാള സിനിമയ്ക്കും !

Last Modified ശനി, 9 മാര്‍ച്ച് 2019 (15:07 IST)
ആക്ഷന്‍ സിനിമകളോട് മമ്മൂട്ടിക്ക് ഒരു പ്രത്യേക അഭിനിവേശമുണ്ട്. ആ അഭിനിവേശത്തിന്റെ ഉദാഹരണമാണ് ന്യൂഡൽഹി എന്ന ചിത്രവും അതിന്റെ വിജയവും. വീണ്ടും, ന്യായവിധി, സായം സന്ധ്യ എന്നീ സിനിമകള്‍ തുടര്‍ച്ചയായി തകര്‍ന്നപ്പോള്‍ മമ്മൂട്ടി - ജോഷി ടീം അതോടെ തീര്‍ന്നു എന്ന് ഏവരും വിധിയെഴുതി. എന്നാല്‍ ‘ന്യൂഡെല്‍‌ഹി’ എന്ന ഒറ്റച്ചിത്രത്തിലൂടെ ആ ടീം ഉയിര്‍ത്തെഴുന്നേറ്റു. മമ്മൂട്ടി എന്ന മെഗാസ്റ്റാറിന്‍റെ ഉദയം കൂടിയായിരുന്നു ന്യൂഡെല്‍ഹി എന്ന ചിത്രം.

ഇര്‍വിങ് വാലസ്‌ എന്ന അമേരിക്കന്‍ എഴുത്തുകാരന്‍റെ ഒരു നോവലില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ടാണ് ഡെന്നിസ്‌ ജോസഫ് ന്യൂഡെല്‍ഹിക്ക്‌ തിരക്കഥ എഴുതിയത്‌. ജി കൃഷ്ണമൂര്‍ത്തി എന്ന പത്രാധിപരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ഈ ആക്ഷന്‍ ചിത്രത്തില്‍ മമ്മൂട്ടിക്ക് സ്റ്റണ്ട് രംഗങ്ങള്‍ ഇല്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അയാള്‍ വികലാംഗനാണ്. എന്നാല്‍ അയാളാണ് എല്ലാ കുറ്റകൃത്യങ്ങളും നിയന്ത്രിക്കുന്നത്. മമ്മൂട്ടിയുടെ പക്വതയാര്‍ന്ന അഭിനയവും കഥാപാത്രത്തിന്‍റെ കരുത്തും കൊണ്ട് ന്യൂഡെല്‍ഹി ചരിത്ര വിജയമായി.

മോഹന്‍ലാല്‍ - പത്മരാജന്‍ കൂട്ടുകെട്ടിന്‍റെ ഏറ്റവും മികച്ച ചിത്രമായ തൂവാനത്തുമ്പികളും മമ്മൂട്ടിയുടെ ന്യൂഡെല്‍‌ഹിയും ഒരേ സമയമാണ് റിലീസായത്. മികച്ച ചിത്രമെന്ന അഭിപ്രായം നേടിയെങ്കിലും തൂവാനത്തുമ്പികള്‍ വലിയ സാമ്പത്തികവിജയം നേടാതെ പോയത് ന്യൂഡെല്‍ഹിയുടെ പ്രകടനം ഒന്നുകൊണ്ടുമാത്രമായിരുന്നു.

1987ല്‍ 29 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച സിനിമയായിരുന്നു ന്യൂഡല്‍ഹി. രണ്ടുകോടിയിലേറെ രൂപ ചിത്രം ഗ്രോസ് കളക്ഷന്‍ നേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :