നിഹാരിക കെ.എസ്|
Last Modified ബുധന്‍, 1 ജനുവരി 2025 (11:35 IST)
വാരണം ആയിരം, വിണ്ണൈത്താണ്ടി വരുവായ തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെയും മനം കവർന്ന സംവിധായകനാണ് ഗൗതം മേനോൻ. ഗൗതം മേനോന്റെ ആദ്യ മലയാള ചിത്രം അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു. മമ്മൂട്ടിയാണ് നായകൻ. ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന് റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ജനുവരി 23 ന് സിനിമ തിയേറ്ററിലെത്തും എന്ന വാർത്തയാണ് നിർമാതാക്കൾ പുറത്തുവിടുന്നത്. മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് സിനിമയുടെ റിലീസ് വിവരം പുറത്തുവിട്ടത്. ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. പതിവ് ഗൗതം മേനോൻ സിനിമകളുടെ രീതികളില്‍ നിന്ന് മാറി അല്പം ഹ്യൂമർ സ്വഭാവത്തിലാണ് ടീസർ ഒരുങ്ങിയിരിക്കുന്നത്.
ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്‌സ് ഒരു ഷെർലക് ഹോംസ് സ്റ്റൈൽ ചിത്രമായിരിക്കും എന്ന് സിനിമയുടെ അണിയറപ്രവർത്തകർ നേരത്തെ തന്നെ അറിയിച്ചിരുന്നു. കോമഡിക്കും പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലർ ആയാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണിത്.