രേണുക വേണു|
Last Modified വ്യാഴം, 26 ഡിസംബര്‍ 2024 (08:02 IST)
എം.ടി.വാസുദേവന്‍ നായരുടെ വിയോഗത്തില്‍ ഏറ്റവും ദുഃഖിതനായിരിക്കുന്ന വ്യക്തികളില്‍ ഒരാള്‍ മമ്മൂട്ടി ആയിരിക്കും. അത്രത്തോളം ആത്മബന്ധമുണ്ട് ഇരുവരും തമ്മില്‍. മമ്മൂട്ടി ഗുരുസ്ഥാനം നല്‍കിയിരിക്കുന്ന ആളാണ് എംടി. ഉത്തരം, സുകൃതം, അടിയൊഴുക്കുകള്‍, ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ തുടങ്ങി ഒട്ടേറെ നല്ല സിനിമകളാണ് എംടി-മമ്മൂട്ടി കൂട്ടുകെട്ടില്‍ മലയാളത്തിനു ലഭിച്ചത്.
1994 ല്‍ പുറത്തിറങ്ങിയ സുകൃതത്തില്‍ എം.ടിയുടെ ആത്മകഥാംശമുള്ള രവിശങ്കര്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മരണം കാത്തുകഴിയുന്ന രവിശങ്കറിന്റെ ആത്മസംഘര്‍ഷങ്ങളാണ് സുകൃതത്തിലൂടെ എം.ടി. അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തെ മമ്മൂട്ടി അവിസ്മരണീയമാക്കുകയും ചെയ്തു. ഹരികുമാര്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
സുകൃതത്തിന്റെ തിരക്കഥ മമ്മൂട്ടി വായിച്ചുനോക്കിയിട്ടു പോലുമില്ലെന്നാണ് സംവിധായകന്‍ ഹരികുമാര്‍ ഒരിക്കല്‍ പറഞ്ഞത്. ഫോണിലൂടെയാണ് മമ്മൂട്ടിയെ സുകൃതത്തിന്റെ കഥാതന്തു അറിയിക്കുന്നത്. മരണം കാത്തുകിടക്കുന്ന കഥാപാത്രം ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോള്‍ നേരിടുന്ന പ്രതിസന്ധിയാണ് സിനിമയുടെ പ്രമേയമെന്ന് മമ്മൂട്ടിയോട് പറഞ്ഞു. കഥാതന്തു കേട്ടതും 'ഇത് മതിയെടോ,' എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. പിന്നീട് മമ്മൂട്ടിക്ക് തിരക്കഥ മുഴുവന്‍ വായിക്കാന്‍ നല്‍കി. എന്നാല്‍, എം.ടി.യുടെ തിരക്കഥ മമ്മൂട്ടി വായിച്ചില്ല. വായിച്ചാല്‍ ശരിയാകില്ല. തിരക്കഥ മുഴുവന്‍ വായിച്ചാല്‍ മനസില്‍ ഞാന്‍ ഓരോന്ന് രൂപപ്പെടുത്തി കൊണ്ടുവരും. അതുകൊണ്ട് എം.ടി. മനസില്‍ കണ്ടപോലെ പറഞ്ഞാല്‍ കഥ പറഞ്ഞാല്‍ മതിയെന്നാണ് മമ്മൂട്ടി തനിക്ക് മറുപടി നല്‍കിയതെന്നും ഹരികുമാര്‍ വെളിപ്പെടുത്തി.