രേണുക വേണു|
Last Updated:
തിങ്കള്‍, 18 നവംബര്‍ 2024 (19:09 IST)
Mammootty-Mohanlal Film Official Announcement Live Updates: 11 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമ ആരംഭിക്കുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുപ്രധാന കാമിയോ റോളില്‍ ആണ് മോഹന്‍ലാല്‍ എത്തുക. ശ്രീലങ്കയിലാണ് ചിത്രീകരണം ആരംഭിക്കാന്‍ പോകുന്നത്.
സംവിധായകന്‍ മഹേഷ് നാരായണനും മോഹന്‍ലാലും കഴിഞ്ഞ ദിവസം ശ്രീലങ്കയില്‍ എത്തി. മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ഇന്നാണ് എത്തിയത്. ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ് എന്നിവരും ശ്രീലങ്കയിലുണ്ട്. ഫഹദ് ഫാസില്‍ ആണ് ഇനി എത്താനുള്ളത്. മമ്മൂട്ടി കൂടി എത്തിയതിനാല്‍ പ്രൊജക്ടിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
മമ്മൂട്ടി-മോഹന്‍ലാല്‍ സീനുകള്‍ ശ്രീലങ്കയിലാണ് ഷൂട്ട് ചെയ്യുക. 20 ദിവസമാണ് ഈ പ്രൊജക്ടിനായി ലാല്‍ നല്‍കിയിരിക്കുന്നത്. കേന്ദ്ര കഥാപാത്രം അവതരിപ്പിക്കുന്ന മമ്മൂട്ടി നൂറ് ദിവസത്തോളം ഈ സിനിമയില്‍ അഭിനയിക്കും. സുഷിന്‍ ശ്യാം ആണ് സംഗീതം നിര്‍വഹിക്കുന്നത്. മഞ്ജു വാരിയര്‍ ആണ് നായികയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തെന്നിന്ത്യയില്‍ നിന്നുള്ള ലേഡി സൂപ്പര്‍താരം സിനിമയില്‍ നൃത്തരംഗം ചെയ്യുന്നുണ്ട്. അത് സാമന്തയായിരിക്കുമെന്നാണ് സൂചന. ഉണ്ണി മുകുന്ദനും ഈ സിനിമയുടെ ഭാഗമാകും.