ജയില്‍പ്പുള്ളിക്ക് എന്തിനാ ഇത്ര സൗന്ദര്യം? അന്ന് മമ്മൂട്ടിക്ക് സംസ്ഥാന അവാര്‍ഡ് നഷ്ടമായത് ഇങ്ങനെ

2015 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനമാണ് അത്തരത്തില്‍ വിവാദമായത്

രേണുക വേണു| Last Modified വെള്ളി, 20 സെപ്‌റ്റംബര്‍ 2024 (13:29 IST)

മികച്ച നടനുള്ള ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും ഒന്നിലേറെ തവണ നേടിയിട്ടുള്ള അപൂര്‍വ്വം അഭിനേതാക്കളില്‍ ഒരാളാണ് മമ്മൂട്ടി. പല തവണകളിലായി മമ്മൂട്ടിക്ക് നിഷേധിക്കപ്പെട്ട അവാര്‍ഡുകളുടെ എണ്ണമെടുത്താല്‍ ചിലപ്പോള്‍ അത് കിട്ടിയ അവാര്‍ഡുകളേക്കാള്‍ കൂടുതല്‍ ആയിരിക്കും. സൗന്ദര്യം കൂടി പോയി എന്ന ഒറ്റ കാരണത്താല്‍ അവാര്‍ഡ് നിഷേധിക്കപ്പെട്ട നടന്‍ കൂടിയാണ് മമ്മൂട്ടി.

2015 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനമാണ് അത്തരത്തില്‍ വിവാദമായത്. വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് എന്ന സിനിമയിലെ സി.കെ.രാഘവന്‍ എന്ന മമ്മൂട്ടിയുടെ കഥാപാത്രം മികച്ച നടനുള്ള പട്ടികയില്‍ അവസാന സമയം വരെ മത്സരിച്ചിരുന്നു. അവസാന റൗണ്ടില്‍ മമ്മൂട്ടിയുടെ സി.കെ.രാഘവനെ തള്ളി ആ വര്‍ഷം മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയത് നിവിന്‍ പോളിയാണ്. 1983 എന്ന സിനിമയിലെ നിവിന്‍ പോളിയുടെ പ്രകടനമാണ് മികച്ച നടനുള്ള അവാര്‍ഡ് ലഭിക്കാന്‍ കാരണമായത്.

നിവിന്‍ പോളിക്ക് അവാര്‍ഡ് കിട്ടിയതിനേക്കാള്‍ മമ്മൂട്ടിക്ക് അവാര്‍ഡ് നിഷേധിക്കപ്പെട്ടത് അക്കാലത്ത് വലിയ വാര്‍ത്തയായി. ജൂറി ചെയര്‍മാനായ ജോണ്‍പോള്‍ നടത്തിയ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മുന്നറിയിപ്പില്‍ മമ്മൂട്ടിയുടെ സി.കെ.രാഘവന്‍ എന്ന കഥാപാത്രം ജയില്‍പ്പുള്ളിയാണ്. ഒരു ജയില്‍പ്പുള്ളിക്ക് ഇത്ര സൗന്ദര്യം വേണ്ടായിരുന്നു എന്നാണ് ജൂറി അന്ന് പറഞ്ഞത്. മമ്മൂട്ടിയുടെ പ്രകടനമൊക്കെ നന്നായിട്ടുണ്ടെന്നും എന്നാല്‍ ജയില്‍പ്പുള്ളിയായി തോന്നിയില്ലെന്നും ജൂറിയിലുള്ളവര്‍ പറഞ്ഞപ്പോള്‍ അത് വന്‍ വിവാദമായി. മുന്നറിയിപ്പ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അടക്കം അന്ന് ഇതിനെതിരെ രംഗത്തെത്തി. എന്നാല്‍, മമ്മൂട്ടി ഈ വിവാദങ്ങളോടൊന്നും പ്രതികരിച്ചില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :