Last Modified വ്യാഴം, 28 ഫെബ്രുവരി 2019 (20:13 IST)
ഖസാക്കിന്‍റെ ഇതിഹാസം! മലയാള സാഹിത്യത്തിലെ ഏറ്റവും ഉന്നതമായ നിര്‍മ്മിതി. ഒ വി വിജയന്‍ എന്ന എഴുത്തുകാരനെ മലയാളികള്‍ ഹൃദയത്തിലേക്ക് ആവാഹിച്ചത് ഖസാക്കിലൂടെയാണ്. ഈ നോവല്‍ സിനിമയാക്കാന്‍ പലരും ആഗ്രഹിച്ചു. പല കൊമ്പന്‍മാരും വന്നു. തോറ്റുമടങ്ങി. ഒടുവില്‍ ശ്യാമപ്രസാദും എത്തി. അദ്ദേഹവും ഖസാക്കിന്‍റെ വലിപ്പം കണ്ട് പരാജയം സമ്മതിച്ച് പിന്‍വാങ്ങി.
ഖസാക്കിന്‍റെ ഇതിഹാസം സിനിമയാക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? രഞ്ജിത്തിന് കഴിയുമോ? ‘പാലേരിമാണിക്യം’ എടുത്തയാളല്ലേ? എന്നാല്‍ പാലേരിമാണിക്യം പോലെയല്ല ഖസാക്ക് എന്ന് വ്യക്തമായറിയാവുന്ന രഞ്ജിത്തും അങ്ങനെയൊരു ഉദ്യമത്തിന് മുതിര്‍ന്നില്ല.
വി കെ പ്രകാശ് ഖസാക്കിന്‍റെ ഇതിഹാസം സ്ക്രീനിലേക്ക് പകര്‍ത്താന്‍ പോകുന്നു എന്നൊരു വാര്‍ത്ത കേട്ടിരുന്നു. എന്നാല്‍ അതും വാര്‍ത്ത മാത്രമായി മാറി. പ്രൊജക്ട് നടന്നില്ല. ഒടിയന്‍റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഖസാക്കിന്‍റെ ഇതിഹാസത്തില്‍ കൈവയ്ക്കാന്‍ ധൈര്യം കാണിക്കുമോ? ഖസാക്ക് പോലെ തന്നെ പലരും സ്പര്‍ശിക്കാന്‍ മടിച്ചുനിന്ന രണ്ടാമൂഴം സിനിമയാക്കാന്‍ ധൈര്യമുള്ള ശ്രീകുമാര്‍ മേനോന്‍ ഖസാക്കിലും ആ ധൈര്യം കാണിക്കുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഇത് വലിയ ചര്‍ച്ചയായിട്ടുണ്ട്. ഖസാക്കിലെ രവിയാകാന്‍ മമ്മൂട്ടി ഏറെ ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ അതിന് സമയമായതായി കരുതാന്‍ കഴിയുമോ? എന്തായാലും ശ്രീകുമാര്‍ മേനോന്‍ വലിയ ക്യാന്‍വാസില്‍ ഖസാക്കിന്‍റെ ഇതിഹാസം ചിത്രീകരിച്ചാല്‍, അതില്‍ മമ്മൂട്ടി നായകനായാല്‍, അത് മലയാള സിനിമയിലെ ഏറ്റവും വലിയ ഇതിഹാസമായി മാറിയേക്കാം. കാത്തിരിക്കാം.