രേണുക വേണു|
Last Modified ബുധന്‍, 13 ഓഗസ്റ്റ് 2025 (15:33 IST)
Mammootty on Coolie: രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'കൂലി' നാളെ തിയറ്ററുകളിലെത്തുകയാണ്. രജനിക്കൊപ്പം ആമിര്‍ ഖാന്‍, നാഗാര്‍ജുന, ഉപേന്ദ്ര തുടങ്ങിയ താരങ്ങളെല്ലാം 'കൂലി'യില്‍ അണിനിരക്കുന്നുണ്ട്. ഇതിനിടെ 'കൂലി' പോസ്റ്റുമായി മമ്മൂട്ടിയും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു !
സിനിമയില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന രജനിക്ക് ആശംസകള്‍ നേര്‍ന്നാണ് മമ്മൂട്ടിയുടെ 'കൂലി' പോസ്റ്റ്. രജനിക്കൊപ്പം 'ദളപതി'യില്‍ അഭിനയിച്ചതിനെ കുറിച്ചും മമ്മൂട്ടി പോസ്റ്റില്‍ പറഞ്ഞിരിക്കുന്നു.
' സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന പ്രിയപ്പെട്ട രജനികാന്തിനു ഹൃദയംനിറഞ്ഞ ആശംസകള്‍. നിങ്ങള്‍ക്കൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചത് വലിയ അഭിമാനമായി കാണുന്നു. നിങ്ങളുടെ 'കൂലി'ക്ക് എല്ലാവിധ ആശംസകളും. തിളങ്ങിയും പ്രചോദിപ്പിച്ചും തുടരൂ' എന്നാണ് മമ്മൂട്ടിയുടെ വാക്കുകള്‍.
'കൂലി'യില്‍ 'ദളപതി' റഫറന്‍സ് ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദളപതിയില്‍ മമ്മൂട്ടിയും രജനിയും ഉറ്റചങ്ങാതിമാരാണ്. 'കൂലി' ട്രെയ്‌ലറില്‍ ഒരു ഉറ്റ സുഹൃത്തിനെ കുറിച്ച് രജനി പറയുന്ന ഡയലോഗ് ഉണ്ടായിരുന്നു. 'കൂലി'യുടെ രണ്ടാം ഭാഗത്തിലേക്കുള്ള ലീഡ് ആയിരിക്കും അതെന്നും രണ്ടാം ഭാഗത്തില്‍ മമ്മൂട്ടിയും ഉണ്ടാകുമെന്നുമാണ് ഇപ്പോള്‍ ആരാധകരുടെ പ്രവചനം. എന്തായാലും 'കൂലി' സര്‍പ്രൈസിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.