ഞാന്‍ ഉറങ്ങി കിടക്കുമ്പോള്‍ അവന്‍ എന്റെ ഫോണ്‍ എടുത്തതാണ്; അന്ന് ദുല്‍ഖര്‍ പറഞ്ഞത് സത്യം തന്നെയെന്ന് മമ്മൂട്ടി

രേണുക വേണു| Last Modified ചൊവ്വ, 1 മാര്‍ച്ച് 2022 (10:47 IST)

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. സിനിമയിലെത്തി പത്ത് വര്‍ഷം പിന്നിട്ടപ്പോള്‍ താരപുത്രന്‍ എന്ന ലേബലില്‍ നിന്ന് പാന്‍ ഇന്ത്യന്‍ താരമെന്ന നിലയിലേക്ക് ദുല്‍ഖര്‍ വളര്‍ന്നു കഴിഞ്ഞു. ദുല്‍ഖറിന്റെ അവസാനം പുറത്തിറങ്ങിയ കുറുപ്പ് എന്ന ചിത്രം കേരളത്തിനു പുറത്തും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു.

സെക്കന്റ് ഷോയ്ക്ക് ശേഷം ഒട്ടേറെ സിനിമകളില്‍ ദുല്‍ഖര്‍ അഭിനയിച്ചെങ്കിലും ആ സിനിമകളെയൊന്നും ദുല്‍ഖറിന്റെ വാപ്പിച്ചി മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പ്രൊമോട്ട് ചെയ്തിരുന്നില്ല. താരപുത്രന്‍ എന്ന ലേബലില്‍ മകന്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ ഒന്നും നേടിയെടുക്കുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്ന് മമ്മൂട്ടി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, കുറുപ്പ് റിലീസ് ചെയ്യുന്ന സമയത്ത് മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ അതിന്റെ പ്രൊമോഷന്‍ പോസ്റ്ററുകള്‍ കണ്ടു. അത് കണ്ട് ആരാധകര്‍ ഞെട്ടി. മകന്റെ സിനിമകളൊന്നും പ്രൊമോട്ട് ചെയ്യാത്ത മമ്മൂട്ടിക്ക് ഇപ്പോള്‍ എന്ത് പറ്റി എന്ന് എല്ലാവരും ചോദിച്ചു.

വാപ്പിച്ചിയുടെ ഫോണ്‍ എടുത്ത് താന്‍ തന്നെയാണ് ആ പോസ്റ്ററുകള്‍ അന്ന് ഷെയര്‍ ചെയ്തതെന്ന് പിന്നീട് ദുല്‍ഖര്‍ വെളിപ്പെടുത്തിയിരുന്നു. താന്‍ നിര്‍മ്മിക്കുക കൂടി ചെയ്യുന്ന സിനിമയായതിനാല്‍ ഇത്തവണയെങ്കിലും പ്രൊമോട്ട് ചെയ്യണം എന്നു പറഞ്ഞ് വാപ്പിച്ചിയുടെ ഫോണ്‍ എടുത്ത് താന്‍ തന്നെയാണ് അതെല്ലാം ചെയ്തത് എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.

അന്ന് ദുല്‍ഖര്‍ പറഞ്ഞതെല്ലാം ഏറെക്കുറെ ശരിയാണെന്ന് മമ്മൂട്ടിയും വെളിപ്പെടുത്തുന്നു. താന്‍ ഉറങ്ങാന്‍ കിടക്കുന്ന സമയത്താണ് ദുല്‍ഖര്‍ വന്ന് ഫോണ്‍ എടുത്തുകൊണ്ടുപോയതെന്ന് മമ്മൂട്ടി ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഉറങ്ങാന്‍ കിടക്കുന്ന സമയത്ത് അവന്‍ വന്ന് ഞാന്‍ ഫോണ്‍ എടുക്കുവാണേ എന്ന് പറഞ്ഞ് അതും എടുത്ത് പോയി. പുള്ളി പറഞ്ഞത് ഏറെക്കുറെ ശരിയാണ്. പിന്നെ അതൊന്നും പറഞ്ഞ് നടക്കാന്‍ പറ്റില്ലല്ലോ എന്നും പറഞ്ഞ് മമ്മൂട്ടി ചിരിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :