കല്‍പ്പനയുടെയും ഉര്‍വശിയുടെയും അനിയന്‍ മുതല്‍ ശ്രീനാഥ് വരെ; മലയാള സിനിമാലോകത്തെ ഞെട്ടിച്ച ആത്മഹത്യകള്‍

മലയാള സിനിമയില്‍ സൂപ്പര്‍താര പദവി സ്വന്തമാക്കിയ കരുത്തുറ്റ നടിയാണ് സില്‍ക് സ്മിത

രേണുക വേണു| Last Modified തിങ്കള്‍, 23 ജനുവരി 2023 (10:50 IST)

മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു നില്‍ക്കുമ്പോള്‍ മരണത്തിനു കീഴടങ്ങിയ ഒട്ടേറെ താരങ്ങളുണ്ട്. അതില്‍ പലരും ആത്മഹത്യ ചെയ്തവരാണ്. ഈ താരങ്ങളുടെ ആത്മഹത്യയ്ക്കുള്ള കാരണം ഇന്നും പ്രേക്ഷകര്‍ക്ക് അറിയില്ല. അത്തരത്തില്‍ മലയാള സിനിമാലോകത്തെ ഞെട്ടിച്ച ആത്മഹത്യകള്‍ ഏതൊക്കെയാണെന്ന് നോക്കാം

1. സില്‍ക് സ്മിത

മലയാള സിനിമയില്‍ സൂപ്പര്‍താര പദവി സ്വന്തമാക്കിയ കരുത്തുറ്റ നടിയാണ് സില്‍ക് സ്മിത. ബി ഗ്രേഡ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നായിക. ചെന്നൈയിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു സ്മിതയുടെ മൃതദേഹം കാണപ്പെട്ടത്. 1996 ല്‍ തന്റെ 36-ാം വയസ്സിലാണ് സില്‍ക് സ്മിത ജീവിതം സ്വയം അവസാനിപ്പിച്ചത്.

2. മയൂരി

തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് മയൂരി ജീവിതം അവസാനിപ്പിച്ചത്. ജീവിതത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സഹോദരന് എഴുതിയ കത്തില്‍ മയൂരി പറഞ്ഞിരുന്നു. മരിക്കുമ്പോള്‍ 22 വയസ്സായിരുന്നു മയൂരിയുടെ പ്രായം. പ്രേം പൂജാരി, സമ്മര്‍ ഇന്‍ ബത്ലഹേം, ആകാശ ഗംഗ, അരയന്നങ്ങളുടെ വീട്, തമിഴില്‍ മന്മഥന്‍, കനാകണ്ടേന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

3. ശോഭ

പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് നടി ശോഭ ആത്മഹത്യ ചെയ്തത്. മരിക്കുമ്പോള്‍ ശോഭയ്ക്ക് പ്രായം വെറും 17 വയസ്സ്. 1996 ല്‍ ബാലതാരമായാണ് ശോഭ സിനിമയിലെത്തുന്നത്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഉത്രാടരാത്രിയാണ് (1978) നായികയായ ആദ്യ ചിത്രം. പ്രശസ്ത സംവിധായകന്‍ ബാലു മഹേന്ദ്രയുമായി 1978 ല്‍ ഇവരുടെ വിവാഹം കഴിഞ്ഞിരുന്നു. വിവാഹബന്ധം തകര്‍ച്ചയുടെ അവസാനമെത്തി നില്‍ക്കുമ്പോഴായിരുന്നു ആത്മഹത്യ.

4. ശ്രീനാഥ്

2010 ഏപ്രിലിലാണ് നടന്‍ ശ്രീനാഥ് ആത്മഹത്യ ചെയ്തത്. ശ്രീനാഥിനെ കോതമംഗലത്തെ ഒരു ഹോട്ടല്‍മുറിയിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കുടുബപ്രശ്നങ്ങള്‍, സിനിമാ രംഗത്തുനിന്നുള്ള പ്രശ്നങ്ങള്‍ എന്നിവ കാരണങ്ങളായി പറയപ്പെടുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കാരണം ഇന്നും അവ്യക്തമാണ്.

5. നന്ദു (പ്രിന്‍സ്)

കലാരഞ്ജിനി- കല്‍പന- ഉര്‍വശി സഹോദരങ്ങളുടെ സഹോദരന്‍ പ്രിന്‍സിന്റെ ആത്മഹത്യയും സിനിമാലോകത്ത് ഏറെ ചര്‍ച്ചയ്ക്കിടയാക്കി. ഇരുപത്തിയേഴാം വയസ്സിലാണ് പ്രിന്‍സ് ജീവിതം അവസാനിപ്പിക്കുന്നത്. തുളസിദാസ് സംവിധാനം ചെയ്ത ലയനം (1989) ആയിരുന്നു നന്ദു അഭിനയിച്ച ചിത്രം. പ്രേമനൈരാശ്യവും ലഹരി ഉപയോഗവുമാണു മരണകാരണമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥകാരണം ഇപ്പോഴും ദുരൂഹമായി നില്‍ക്കുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :