'ആവാസവ്യൂഹത്തിനു മുന്‍പുള്ള തിരക്കഥ'; മോഹന്‍ലാലിന്റെ ഗ്രീന്‍ സിഗ്നലിനായി കൃഷാന്ദ് വെയ്റ്റിങ്
മോഹന്‍ലാല്‍ തിരക്കഥ വായിച്ച് അതിന്റെ ചര്‍ച്ചകളിലേക്കും ബജറ്റിങ്ങിലേക്കുമൊക്കെ കടന്നിട്ടുണ്ടെന്ന് കൃഷാന്ദ് പറഞ്ഞു
Krishand and Mohanlal
ആവാസവ്യൂഹം, പുരുഷപ്രേതം, സംഘര്‍ഷഘടന തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ കൃഷാന്ദ് സംവിധാനം ചെയ്യാന്‍ പോകുന്ന പുതിയ സിനിമയില്‍ മോഹന്‍ലാല്‍ നായകനാകും. കൃഷാന്ത് തന്നെയാണ് ഒരു അഭിമുഖത്തില്‍ ഇതേകുറിച്ച് വെളിപ്പെടുത്തിയത്.
മോഹന്‍ലാല്‍ തിരക്കഥ വായിച്ച് അതിന്റെ ചര്‍ച്ചകളിലേക്കും ബജറ്റിങ്ങിലേക്കുമൊക്കെ കടന്നിട്ടുണ്ടെന്ന് കൃഷാന്ദ് പറഞ്ഞു. തന്റെ ആദ്യ സിനിമയായ ആവാസവ്യൂഹത്തിനു മുന്‍പേ തയ്യാറാക്കിയ തിരക്കഥയാണെന്നും വേഗം ഈ പ്രൊജക്ട് ചെയ്യണമെന്നും കൃഷാന്ദ് ആഗ്രഹം പ്രകടിപ്പിച്ചു.
' തിരക്കഥ വായിക്കുകയും അതിന്റെ ചര്‍ച്ചകളിലേക്കൊക്കെ പോകുകയും അതിന്റെയൊരു ബജറ്റിങ്ങിലേക്ക് കയറുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇനി രണ്ട്-മൂന്ന് സിറ്റിങ്ങുകള്‍ കൂടിയുണ്ട് മോഹന്‍ലാല്‍ സാറിന്റെ കൂടെ. അദ്ദേഹം പൂര്‍ണമായി സമ്മതമറിയിച്ചാല്‍ ആ പ്രൊജക്ട് വളരെ ആവേശത്തോടെ നമ്മള്‍ ചെയ്യും. വളരെ ഇന്ററസ്റ്റിങ് ആയ തിരക്കഥയാണ്. ആ തിരക്കഥയെ വെറുക്കുന്നതിനു മുന്‍പ് ചെയ്ത് സിസ്റ്റത്തില്‍ നിന്ന് കളയണം. എത്ര വര്‍ഷം മുന്‍പത്തെയാണ്, വളരെ പഴയ തിരക്കഥയാണ്. പക്ഷേ ഭയങ്കര മോഡേണ്‍ ആഡാപ്‌റ്റേഷന്‍ ചെയ്തിട്ടുണ്ട്. ഹ്യൂമറും ഉണ്ട്, പക്ഷേ ഏതെങ്കിലും ഒരു ഴോണറില്‍ മാത്രം ഉള്‍പ്പെടുത്താന്‍ പറ്റുന്നതല്ല,' കൃഷാന്ദ് പറഞ്ഞു.
അതേസമയം മമ്മൂട്ടിയുമായും കൃഷാന്ദ് ഒരു പ്രൊജക്ടിനെ കുറിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്നാല്‍ ഈ പ്രൊജക്ട് ആരംഭിക്കാന്‍ രണ്ട് വര്‍ഷമെങ്കിലും കഴിയുമെന്നാണ് വിവരം.