കൊച്ചി|
Rijisha M.|
Last Modified തിങ്കള്‍, 20 ഓഗസ്റ്റ് 2018 (16:50 IST)
കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാൻ രാവും പകലുമില്ലാതെ പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയാണ് മലയാള സിനിമാ ലോകത്തുള്ളവർ. ദുരിതത്തിന്റെ വ്യാപ്‌തി വലുതാണെന്ന് മനസ്സിലായ സാഹചര്യത്തിൽ അതിനനുസരിച്ചുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് സിനിമാ താരങ്ങൾ.
മലയാള സിനിമയിൽ നിന്ന് ആദ്യമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായെത്തിയത് താരസംഘടനയായ 'അമ്മ'യായിരുന്നു. ആദ്യഘട്ടമായി പത്ത് ലക്ഷം മാത്രം നൽകിയിരുന്ന 'അമ്മ'യ്‌ക്കെതിരെ പലരും രംഗത്തെത്തിയിരുന്നു. അതിന് ശേഷമാണ് 40 ലക്ഷം നൽകിക്കൊണ്ട് സംഘടന എത്തിയത്. 'അൻപോട് കൊച്ചി' എന്ന കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ഇന്ദ്രജിത്തും പൂർണ്ണിമയും സംഘവും നടത്തിയ പ്രവർത്തനം വളരെയധികം പ്രശംസനീയമാണ്.
ദുരിതാശ്വാസ ക്യാംപുകളിലേക്ക് വേണ്ട അവശ്യ സാധനങ്ങൾ ശേഖരിച്ച് എത്തിക്കുകയായിരുന്നു ഈ കൂട്ടായ്‌മ. ഈ കൂട്ടായ്‌മയോട് ചേർന്നായിരുന്നു മറ്റ് പല സിനിമാ താരങ്ങളും പ്രവർത്തിച്ചത്. കൊച്ചി, തമ്മനം കേന്ദ്രീകരിച്ച് നടത്തുന്ന പ്രവർത്തനങ്ങളിൽ നടൻ ജയസൂര്യ, ആസിഫ് അലി, നീരജ് മാധവ്, അജു വർഗ്ഗീസ്, ഷംന കാസിം തുടങ്ങിയവർ പങ്കാളികളായി.
ദുരിതം അധികം ബാധിക്കാത്തവരെല്ലാം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് നടൻ ജയസൂര്യ അറിയിച്ചു. കടവന്തറയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലാണ് ഏറ്റവും കൂടുതൽ സാധനങ്ങൾ എത്തിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റേയും അൻപോട് കൊച്ചിയുടേയും സഹകരണത്തിന്റെ ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്.
സിനിമാ താരങ്ങളായ പാർവതി, റിമ കല്ലിങ്കൽ, രമ്യാ നമ്പീശൻ, സരയൂ എന്നിവരും അൻപോട് കൊച്ചിയുടെ ഭാഗമാണ്. അതേസമയം, ഷൂട്ടിംഗിനിടെ കൈയ്ക്ക് പറ്റിയ അപകടം കാര്യമാക്കാതെ അമലാ പോളും പ്രവർത്തനങ്ങൾക്കിറങ്ങിയിരുന്നു. കൂടാതെ ഉണ്ണി മുകുന്ദനും പ്രവർത്തനങ്ങൾക്കിറങ്ങിയിരുന്നു.
ദുരിതം ബാധിച്ചവർക്ക് വസ്‌ത്രങ്ങൾ എത്തിച്ചുകൊടുക്കുകയായിരുന്നു ദിലീപ്. ദിലീപിന്റെ സ്വദേശം കൂടിയായ ആലുവയിലാണ് പ്രളയം ഏറ്റവും കൂടുതലായി ബാധിച്ചതും. നിറസാന്നിധ്യമായി നിന്നത് നടൻ ടൊവിനോ ആയിരുന്നു. ഇരിങ്ങാലക്കുട വീടിന് സമീപത്തുള്ള ക്യാംപിൽ അവശ്യ സാധനങ്ങൾ എത്തിക്കുകയായിരുന്നു താരം ചെയ്‌തത്.