രേണുക വേണു|
Last Modified ഞായര്‍, 19 സെപ്‌റ്റംബര്‍ 2021 (07:33 IST)
വിവാഹം, കുടുംബജീവിതം എന്നിവയെ കുറിച്ചെല്ലാം വലിയ സ്വപ്‌നങ്ങളുണ്ടായിരുന്ന പെണ്‍കുട്ടിയായിരുന്നു കാവ്യ മാധവന്‍. ഏറെ ഒരുക്കങ്ങളോടെയായിരുന്നു കാവ്യയുടെ ആദ്യ വിവാഹം. എന്നാല്‍, അതിനു അല്‍പ്പായുസേ ഉണ്ടായിരുന്നുള്ളൂ.
2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യയും നാഷണല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ സാങ്കേതിക ഉപദേഷ്ടാവായ നിഷാല്‍ ചന്ദ്രയും വിവാഹിതരായത്. നിഷാലിനെ വിവാഹം കഴിക്കുന്ന സമയത്ത് കാവ്യയുടെ പ്രായം 25 ആയിരുന്നു. സിനിമാലോകം മുഴുവന്‍ വന്‍ ആഘോഷമാക്കിയ വിവാഹമായിരുന്നു അത്.
മൂകാംബികയില്‍ വച്ചായിരുന്നു കാവ്യയും നിഷാലും വിവാഹിതരായത്. കാവ്യയുടെ കുടുംബാംഗങ്ങള്‍ക്കായി നാട്ടിലും സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കായി കൊച്ചിയിലും വിവാഹവിരുന്ന് ഒരുക്കി. ഈ വിവാഹ വിരുന്നിന് അതീവ സുന്ദരിയായാണ് കാവ്യയെ കാണപ്പെട്ടത്. പ്രശസ്ത ബ്യൂട്ടീഷന്‍ അനില ജോസഫ് ആണ് കാവ്യയെ വിവാഹവിരുന്നിനായി അണിയിച്ചൊരുക്കിയത്. നീല സാരിയാണ് വിവാഹ വിരുന്നിന് കാവ്യ അണിഞ്ഞത്.
നിഷാല്‍ ചന്ദ്രയുമായുള്ള കാവ്യയുടെ ജീവിതം അധികം നീണ്ടുനിന്നില്ല. ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. വിവാഹത്തിനു മുന്‍പ് അറിഞ്ഞ ആളല്ലായിരുന്നു വിവാഹശേഷം നിഷാല്‍ ചന്ദ്രയെന്നാണ് കാവ്യ പറഞ്ഞിട്ടുള്ളത്. നിഷാലും കുടുംബവും സ്ത്രീധനത്തെ ചൊല്ലി തന്നെ പീഡിപ്പിച്ചിരുന്നതായും കാവ്യ ആരോപിച്ചിരുന്നു. എന്നാല്‍, കാവ്യയ്ക്ക് സിനിമയിലുള്ള ഒരു സഹതാരവുമായി അടുപ്പമുണ്ടെന്ന് നിഷാലും കുടുംബവും തിരിച്ചടിച്ചു.
വിവാഹശേഷം ഏതാനും മാസങ്ങള്‍ മാത്രമാണ് നിഷാലും കാവ്യയും ഒന്നിച്ച് ജീവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഏതാണ്ട് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഇരുവരും നിയമപരമായി വിവാഹമോചനം നേടി.
വിവാഹം കഴിക്കുക, കുടുംബിനി ആകുക എന്നതെല്ലാം വലിയ കാര്യമായാണ് താന്‍ കണ്ടിരുന്നതെന്നും അതിനായി വലിയ രീതിയില്‍ ഒരുങ്ങിയിരുന്നെന്നും പിന്നീട് കാവ്യ പറഞ്ഞിട്ടുണ്ട്. വിവാഹമാണ് എല്ലാം എന്ന കാഴ്ചപ്പാട് പില്‍ക്കാലത്ത് മാറിയെന്നും താരം പറയുന്നു. നിഷാലുമായുള്ള ബന്ധം വേര്‍പ്പെടുത്തി ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് കാവ്യ ദിലീപിനെ വിവാഹം കഴിച്ചത്.