രേണുക വേണു|
Last Modified ചൊവ്വ, 10 ഒക്‌ടോബര്‍ 2023 (09:16 IST)
മലയാളത്തിലെ ഏറ്റവും വലിയ 10 സാമ്പത്തിക വിജയ സിനിമകളുടെ പട്ടികയില്‍ നിന്ന് മോഹന്‍ലാലിന്റെ ദൃശ്യം പുറത്ത്. മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് ആദ്യ പത്തിലേക്ക് എത്തിയതോടെയാണ് ദൃശ്യം 11-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. പത്ത് വര്‍ഷത്തിനു ശേഷമാണ് ദൃശ്യം ആദ്യ പത്ത് സ്ഥാനങ്ങളില്‍ നിന്ന് പുറത്താകുന്നത്. 2013 ലെ ക്രിസ്മസ് റിലീയ് ആയി ഡിസംബര്‍ 19 ന് തിയറ്ററുകളിലെത്തിയ ദൃശ്യം ആദ്യമായി 50 കോടി കളക്ട് ചെയ്ത മലയാള ചിത്രം കൂടിയാണ്.
63.8 കോടിയാണ് ദൃശ്യത്തിന്റെ ആഗോള കളക്ഷന്‍. റിലീസ് ചെയ്ത് 11-ാം ദിവസമാണ് മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ് ദൃശ്യത്തിന്റെ ലൈഫ് ടൈം കളക്ഷന്‍ മറികടന്നത്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ കണ്ണൂര്‍ സ്‌ക്വാഡ് 70 കോടി ക്ലബില്‍ ഇടം പിടിക്കും. സെപ്റ്റംബര്‍ 28 നാണ് കണ്ണൂര്‍ സ്‌ക്വാഡ് റിലീസ് ചെയ്തത്. മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി സിനിമയാകുമോ കണ്ണൂര്‍ സ്‌ക്വാഡ് എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡില്‍ പൊലീസ് ഓഫീസറായാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനി തന്നെയാണ് നിര്‍മാണം. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും ചെലവേറിയ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. ഏതാണ്ട് 30 കോടിക്ക് അടുത്ത് കണ്ണൂര്‍ സ്‌ക്വാഡിന് ചെലവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.