നിഹാരിക കെ എസ്|
Last Modified വെള്ളി, 22 നവംബര്‍ 2024 (13:35 IST)
ശിവ സംവിധാനം ചെയ്ത സൂര്യ ചിത്രം കങ്കുവ തിയേറ്ററിൽ പരാജയം. 96 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. ഇന്ത്യയിൽ നിന്നുള്ള ഗ്രോസ് കളക്ഷൻ 73.65 കോടിയും. പ്രതിദിനം കളക്ഷനിൽ കുത്തൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. കൊട്ടിഘോഷിക്കപ്പെട്ട് തിയേറ്ററിലെത്തിയ ചിത്രം ആദ്യ ദിനം ഇന്ത്യയിൽ നിന്ന് നേടിയത് 24 കോടിയാണ്. ഏഴാം ദിവസത്തിലേക്ക് കടന്നിട്ടും ഇതുവരെ 100 കോടി നേടാനായിട്ടില്ല എന്നത് ഒരു ബിഗ് ബജറ്റ് സിനിമയെ സംബന്ധിച്ച് വമ്പൻ പരാജയമാണ്.
22 കോടിയിലധികം ലഭിച്ചത് ഓവർസീസ് കളക്ഷനിലാണ്. 350 കോടിയോളം ചെലവഴിച്ച് നിർമിച്ച ചിത്രം മുടക്കുമുതൽ പോലും തിരികെ പിടിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. അന്തവും കുന്തവുമില്ലാതെ പോകുന്ന തിരക്കഥയിൽ സൂര്യയും മറ്റ് താരങ്ങളും തരംപോലെ വെറുപ്പിക്കുന്നുണ്ടെന്നും അഭിപ്രായങ്ങൾ വന്നിരുന്നു.
ഇപ്പോൾ സൂര്യയുടെ കങ്കുവ തിയേറ്ററുകളിൽ പ്രദർശനം തുടരവേ ക്ഷേത്രദർശനം നടത്തിയിരിക്കുകയാണ് നടൻ സൂര്യയും സംവിധായകൻ സിരുത്തൈ ശിവയും. കങ്കുവയുടെ റിലീസിന് ശേഷം ഇത് ആദ്യമായാണ് ഇരുവരും ഒന്നിച്ച് പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. റാണിപ്പേട്ടിലെ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലാണ് ഇരുവരും എത്തിയത്. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.