Last Modified തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2019 (15:11 IST)
മോഹന്‍ലാലും സൂര്യയും പ്രധാന വേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം ‘കാപ്പാന്‍’ ഈ മാസം 20ന് പ്രദര്‍ശനത്തിനെത്തുകയാണ്. ചിത്രത്തില്‍ പ്രധാനമന്ത്രിയായാണ് മോഹന്‍ലാല്‍ അഭിനയിച്ചിരിക്കുന്നത്. ചന്ദ്രകാന്ത് വര്‍മ എന്നാണ് കഥാപാത്രത്തിന്‍റെ പേര്.
സൂര്യയാകട്ടെ, ഉയര്‍ന്ന റാങ്കിലുള്ള ഒരു എന്‍എസ്ജി ഓഫീസറായി അഭിനയിക്കുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാചുമതല സൂര്യയ്ക്കാണ്. ചിത്രത്തിന്‍റെ രണ്ട് ട്രെയിലറുകള്‍ പുറത്തുവന്നുകഴിഞ്ഞു.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാല്‍ ആരാധകര്‍ ഇപ്പോള്‍ ഉന്നയിക്കുന്ന ഒരു ചോദ്യം ഇതാണ്. മലയാളത്തിലെ മെഗാതാരമാണ് മോഹന്‍ലാല്‍. ഒട്ടനവധി ആക്ഷന്‍ ചിത്രങ്ങളില്‍ ഉജ്ജ്വലമായ പ്രകടനങ്ങള്‍ മോഹന്‍ലാല്‍ നടത്തിയിട്ടുണ്ട്. മൂന്നാംമുറ, ദൌത്യം തുടങ്ങിയ കമാന്‍ഡോ ഓപ്പറേഷന്‍ സിനിമകള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പേ മോഹന്‍ലാല്‍ ചെയ്തുകഴിഞ്ഞതാണ്. അതായത്
സൂര്യ അഭിനയരംഗത്ത് വരുന്നതിന് മുമ്പേ അത്തരം നൂറുകണക്കിന് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് മോഹന്‍ലാല്‍.
ഇന്നും ഇന്ത്യന്‍ സിനിമയില്‍ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഒന്നാമന്‍ മോഹന്‍ലാല് തന്നെ. അങ്ങനെയുള്ള മോഹന്‍ലാലിന് ആക്ഷന്‍ രംഗങ്ങളില്‍ പെര്‍ഫോം ചെയ്യാന്‍ ഒരു സാധ്യതയുമില്ലാത്ത ഇത്തരം തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു നേട്ടവും ഉണ്ടാകില്ലെന്നാണ് ആരാധകര്‍ പറയുന്നത്. മോഹന്‍ലാലിനെ രക്ഷിക്കുക എന്ന ചുമതലയുള്ള സൂര്യയുടെ കഥാപാത്രത്തിനായിരിക്കും ആക്ഷന്‍ രംഗങ്ങളെല്ലാം. കോടിക്കണക്കിന് ആരാധകരുള്ള മോഹന്‍ലാല്‍ എന്ന താരത്തിന് ഇങ്ങനെ സൂര്യയുടെ സംരക്ഷണം ആവശ്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് ഒതുങ്ങേണ്ട കാര്യമുണ്ടോ?
പുലിമുരുകന്‍ പോലെയുള്ള മോഹന്‍ലാല്‍ ചിത്രങ്ങളുടെ തമിഴ് ഡബ്ബിംഗ് പതിപ്പുകള്‍ തമിഴിലും തെലുങ്കിലുമെല്ലാം വന്‍ ഹിറ്റായതാണ്. ആക്ഷന്‍ രംഗങ്ങളില്‍ അതിനും മുകളില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ഇപ്പോള്‍ മോഹന്‍ലാല്‍ ശ്രമിക്കേണ്ടത്. അന്യഭാഷാ ചിത്രങ്ങളിലെ താരതമ്യേന ജൂനിയറായ താരങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രങ്ങളില്‍ അഭിനയിക്കുക വഴി തന്‍റെ താരമൂല്യമെന്തെന്ന് മോഹന്‍ലാല്‍ മറന്നുപോകുകയാണെന്നും ആരാധകര്‍ പരിഭവിക്കുന്നു.
ആര്യ, സയേഷ, ബൊമന്‍ ഇറാനി, സമുദ്രക്കനി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന കാപ്പാന്‍ നിര്‍മ്മിച്ചിരിക്കുന്നത് ലൈക പ്രൊഡക്ഷന്‍സാണ്.