രേണുക വേണു|
Last Modified ശനി, 15 നവംബര്‍ 2025 (09:38 IST)
Kaantha Box Office Collection: ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്ത 'കാന്ത' ആദ്യദിനം നാല് കോടിയിലേറെ കളക്ട് ചെയ്തു. സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും പിടിച്ചുനില്‍ക്കാന്‍ ചിത്രത്തിനു സാധിച്ചിട്ടുണ്ട്.
സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം നാലിനും നാലര കോടിക്കും ഇടയിലാണ് ആദ്യദിനം 'കാന്ത'യുടെ ഇന്ത്യ നെറ്റ് കളക്ഷന്‍. തമിഴില്‍ നിന്ന് 2.5 കോടിയിലേറെ കളക്ട് ചെയ്തു. തെലുങ്കില്‍ 1.5 കോടിയാണ് ആദ്യദിന നെറ്റ് കളക്ഷന്‍. മലയാളത്തില്‍ പ്രതീക്ഷിച്ച പോലെ വലിയ നേട്ടം കൊയ്യാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ ബുക്ക് മൈ ഷോയില്‍ 80,000 ത്തിനടുത്ത് ടിക്കറ്റുകള്‍ കാന്തയുടേതായി വിറ്റുപോയിട്ടുണ്ട്.
അതേസമയം ദുല്‍ഖറിന്റെ തന്നെ മുന്‍ വിജയചിത്രമായ ലക്കി ഭാസ്‌കറിന്റെ ആദ്യദിന കളക്ഷന്‍ മറികടക്കാന്‍ 'കാന്ത'യ്ക്കു സാധിച്ചിട്ടില്ല. ലക്കി ഭാസ്‌കര്‍ ആദ്യദിനം 6.45 കോടിയാണ് നെറ്റ് കളക്ഷനായി സ്വന്തമാക്കിയത്. രണ്ടാം ദിനമായ ഇന്ന് 'കാന്ത'യുടെ നെറ്റ് കളക്ഷന്‍ ഏഴ് കോടിക്കു അടുത്തെത്തുമെന്നാണ് പ്രതീക്ഷ.