Rijisha M.|
Last Modified തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (13:01 IST)
ദുരിതാശ്വാസ ഫണ്ട് പിരിക്കാൻ മന്ത്രിമാരും ഉദ്യോഗസ്ഥരും വിദേശരാജ്യങ്ങളിലേക്ക് പോകുന്നതിനെ വിമർശിച്ച് നടൻ ജോയ് മാത്യു. "വിദേശ രാജ്യങ്ങളിൽ ജോലിചെയ്ത് സ്വന്തം നാടിനെ പുലർത്തിപ്പോരുന്ന മലയാളികൾ,
മന്ത്രിമാർ അങ്ങോട്ട് എഴുന്നള്ളാതെതന്നെ കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തം വിയർപ്പ് വിറ്റ് പണമായും സാധനങ്ങളായും സഹായിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. വിദേശത്തുള്ള വ്യവസായികളും അക്കാര്യത്തിൽ പിന്നിലല്ല. പിന്നെയും എന്തിനാണ് ജനങ്ങളുടെ ചിലവിൽ ഈ സർക്കീട്ട് ?". ഫേസ്‌ബുക്കിലൂടെയാണ് താരം വിമർശനവുമായി രംഗത്തെത്തിയത്.
ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണ രൂപം:-
എന്തിനു ?
------------
പ്രളയദുരിതാശ്വാസഫണ്ട് പിരിക്കുവാൻ മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും വിദേശരാജ്യങ്ങളിലേക്ക് പോകുന്നത്രേ. എന്തിനു ?
വിദേശ രാജ്യങ്ങളിൽ ജോലിചെയ്ത് സ്വന്തം നാടിനെ പുലർത്തിപ്പോരുന്ന മലയാളികൾ, മന്ത്രിമാർ അങ്ങോട്ട്
എഴുന്നള്ളാതെതന്നെ കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തം വിയർപ്പ് വിറ്റ് പണമായും
സാധനങ്ങളായും സഹായിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. വിദേശത്തുള്ള വ്യവസായികളും അക്കാര്യത്തിൽ പിന്നിലല്ല. പിന്നെയും എന്തിനാണ് ജനങ്ങളുടെ ചിലവിൽ ഈ സർക്കീട്ട് ?
ഇനി അങ്ങിനെയൊരു പൂതി ഉണ്ടെങ്കിൽത്തന്നെ നവകേരളം സൃഷ്ടിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണം എന്ന് പറയുന്നവർ വിദേശരാജ്യപണപ്പിരിവ് സർക്കീട്ടുകളിൽ പ്രതിപക്ഷത്തിലുള്ളവരെക്കൂടി ഉൾപ്പെടുത്തി നവകേരള സൃഷ്ടിയിൽ യോജിപ്പിന്റെ മാതൃക കാണിക്കാത്തതെന്ത് ?
ഇനി ജനങ്ങൾ സമ്മതിച്ചില്ലെങ്കിലും ഞങ്ങൾ പോകും എന്നുതന്നെയാണ് വാശിയെങ്കിൽ ,ഇപ്രാവശ്യമെങ്കിലും നക്ഷത്രഹോട്ടലുകളിൽ താമസിച്ച് വെടിവട്ടം പറഞ്ഞു സമയം കളയാതെ പുറത്തിറങ്ങി നടന്നു വിദേശരാജ്യങ്ങൾ എങ്ങിനെയാണ് പ്രകൃതിയെ ദ്രോഹിക്കാതെ രാജ്യത്തിന്റെ വികസനം നിർവഹിക്കുന്നതെന്ന് കണ്ടു പഠിക്കുകയെങ്കിലും വേണം എന്നൊരപേക്ഷയുണ്ട്.