രേണുക വേണു|
Last Modified ബുധന്‍, 2 നവംബര്‍ 2022 (09:53 IST)
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ഒരു ഫാന്റസി ചിത്രമായാണ് ബറോസ് എത്തുന്നത്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയ ജിജോ പുന്നൂസ് ആണ് ബറോസിന്റെ തിരക്കഥ. ജിജോ പുന്നൂസ് തന്റെ ബ്ലോഗിലൂടെ പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
2021 ല്‍ താന്‍ എഴുതിയ തിരക്കഥ ടി.കെ.രാജീവ് കുമാറും മോഹന്‍ലാലും ചേര്‍ന്ന് തിരുത്തിയെന്നാണ് ജിജോ പുന്നൂസിന്റെ വെളിപ്പെടുത്തല്‍. താന്‍ ഉദ്ദേശിച്ച സീനുകളല്ല ഇപ്പോള്‍ ചിത്രത്തിലുള്ളതെന്നും ജിജോ പുന്നൂസ് പറഞ്ഞു. പുലിമുരുകന്‍, ലൂസിഫര്‍, മരക്കാര്‍ തുടങ്ങിയ സിനിമകളില്‍ ആരാധകരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മോഹന്‍ലാല്‍ തിരക്കഥ രൂപപ്പെടുത്തുകയായിരുന്നു. അതുപോലെ തന്നെ ബറോസിലും ചെയ്‌തെന്നാണ് ജിജോ പുന്നൂസ് പറയുന്നത്. ബറോസില്‍ ഭിത്തിയില്‍ കറങ്ങുന്ന ഒരു സീനുണ്ട്. അത് ചെയ്യാന്‍ മാത്രമാണ് താന്‍ പോയതെന്നും ജിജോ കൂട്ടിച്ചേര്‍ത്തു. സീനുകളില്‍ മാറ്റം വരുത്താന്‍ ആന്റണി പെരുമ്പാവൂരാണ് തന്നോട് ആവശ്യപ്പെട്ടതെന്നും ജിജോ പുന്നൂസ് കൂട്ടിച്ചേര്‍ത്തു.
' ലാലുമോന്‍ (മോഹന്‍ലാല്‍) തന്നെ മുന്‍കൈയെടുത്ത് കൊച്ചിയിലും പരിസരത്തും നടക്കുന്ന പ്രധാന ചിത്രീകരണങ്ങള്‍ക്കായി രാജീവ്കുമാറിനൊപ്പം തിരക്കഥ വീണ്ടും എഴുതി. കൂടുതലും നവോദയ ക്യാംപസിന്റെ അകത്തായിരുന്നു ചിത്രീകരണം. ലാലുമോന്‍ തന്റെ സമീപകാല ഹിറ്റായ ഒടിയന്‍, പുലിമുരുകന്‍, ലൂസിഫര്‍, മരക്കാര്‍ എന്നിവ പോലെ തന്നെ തിരക്കഥയും ബറോസിലെ കഥാപാത്രവും തന്റെ ആരാധകവൃന്ദത്തെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ ആക്കി,' ജിജോ പുന്നൂസ് പറഞ്ഞു.