മൂന്നാം ഭാഗത്ത് ഒളിപ്പിച്ചു വച്ചിരിക്കുന്ന സസ്പെൻസ് അറിയാൻ ഇനിയും കാത്തിരിക്കണം: വാർത്ത തള്ളി ജീത്തു ജോസഫ്

നിഹാരിക കെ എസ്| Last Modified ചൊവ്വ, 8 ഒക്‌ടോബര്‍ 2024 (11:24 IST)
and Mohanlal
കളക്ഷന്റെ കാര്യത്തിൽ മലയാള സിനിമയുടെ ഗതിമാറ്റിയ ചിത്രമായിരുന്നു ദൃശ്യം. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ചിത്രം ആദ്യത്തെ 50 കോടി വാരിയ പടമായിരുന്നു. പിന്നാലെ, ദൃശ്യം 2 ഉം റിലീസ് ആയി. ചിത്രത്തിന്റെ മൂന്നാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകൻ ജീത്തു ജോസഫ് വെളിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച ചർച്ചകൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ നടക്കാറുണ്ട്. ഇതിനിടെയാണ് ദൃശ്യം 3 ഉടൻ ഉണ്ടാകുമെന്ന തരത്തിൽ ചില വാർത്തകൾ പ്രത്യക്ഷപ്പെട്ടത്. ‘ആ ക്ലാസിക് ക്രിമിനല്‍ തിരിച്ചു വരുന്നു’ എന്ന ഹാഷ്ടാഗോടെയാണ് സോഷ്യൽ മീഡിയയിൽ ദൃശ്യം 3 യുടെ വാർത്തകൾ പ്രചരിച്ചിരുന്നത്.

സംഭവം വൈറലായതോടെ സംവിധായകൻ തന്നെ കാര്യത്തിൽ വ്യക്തത വരുത്തി രംഗത്തെത്തി. പ്രചരിക്കുന്ന വാർത്ത താൻ അറിഞ്ഞിട്ടില്ലെന്നും സിനിമയുടെ തിരക്കഥ പൂര്‍ത്തിയായെന്ന വാര്‍ത്ത തെറ്റാണെന്നും ജീത്തു ജോസഫ് പ്രതികരിച്ചു. മൂന്നാം ഭാഗത്ത് ജീത്തു ജോസഫ് ഒളിപ്പിച്ച് വെച്ചിരിക്കുന്ന സസ്പെൻസ് എന്താണെന്നറിയാൻ പ്രേക്ഷകർ ഇനിയും കാത്തിരിക്കണമെന്ന് സാരം.

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു.ആദ്യ ഭാഗം പോലെ മികച്ച പ്രതികരണമായിരുന്നു ദൃശ്യം 2 വിനും ലഭിച്ചത്. രണ്ടാം ഭാഗവും തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. കൊറിയന്‍ ഭാഷയിലേക്ക് റീമേക് ചെയ്യപ്പെടുന്ന ആദ്യ ചിത്രം കൂടിയാണ് ദൃശ്യം.

അതേസമയം, മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'റാം' ഇതുവരെ ചിത്രീകരണം പൂര്‍ത്തിയായിട്ടില്ല.
സിനിമയുടെ അനിശ്ചിതത്വത്തില്‍ തനിക്ക് മാത്രമല്ല മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും സങ്കടമുണ്ടെന്നും ജീത്തു പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :