ഇഷ്ടമില്ലാഞ്ഞിട്ടും പ്രണവ് മോഹൻലാൽ സിനിമയിൽ അഭിനയിക്കുന്നതിന് പിന്നിലെ കാരണം!

നിഹാരിക കെ എസ്| Last Modified തിങ്കള്‍, 7 ഒക്‌ടോബര്‍ 2024 (14:43 IST)
Pranav Mohanlal
മാധ്യമങ്ങൾക്ക് പിടിതരാത്ത ആളാണ് പ്രണവ് മോഹൻലാൽ. ഒന്നാമൻ (2002) എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ചെങ്കിലും പ്രണവിലെ 'നടനെ' മലയാളികൾ കണ്ടത് പുനർജനിയിലെ കഥാപാത്രത്തിലൂടെയാണ. ഈ സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും പ്രണവ് സ്വന്തമാക്കി. പിന്നീട് മോഹൻലാൽ നായകനായ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലും പ്രണവ് ഒരു ഗസ്റ്റ് അപ്പിയറൻസ് നടത്തിയിരുന്നു.

പ്രണവിന് സിനിമയോട് താൽപ്പര്യമില്ലെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. മോഹൻലാൽ തന്നെ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. യാത്രകളോടും പുസ്തകങ്ങളോടും താൽപ്പര്യം വളർത്തിയെടുക്കുന്നതിനിടയിൽ സിനിമയിൽ നിന്ന് പ്രണവ് അകലുകയായിരുന്നുവെന്നും അയാളെ അയാളുടെ ഇഷ്ടത്തിന് വിടാനായിരുന്നു തനിക്കും താല്പര്യമെന്നായിരുന്നു മോഹൻലാൽ പറഞ്ഞിട്ടുള്ളത്.

എന്നിരുന്നാലും, 2015ൽ ജീത്തു ജോസഫിൻ്റെ അസിസ്റ്റൻ്റ് ഡയറക്ടറായി സിനിമയിലേക്ക് തിരിച്ചെത്തിയ പ്രണവ്, അധികം വൈകാതെ നടന്റെ കുപ്പായം വീണ്ടും അണിഞ്ഞു. ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം എന്നീ ചിത്രങ്ങളിലൂടെ പ്രണവ് എന്ന നടനെ മലയാളികൾ വീണ്ടും കണ്ടു. പ്രണവ് ഒരു താഴ്ന്ന ജീവിതശൈലി പിന്തുടരുന്ന ആളാണ്. അധികം സിനിമയൊന്നും ചെയ്യാത്ത പ്രണവ്, സിനിമ തന്നെ ചെയ്യാനുള്ള കാരണം കുറച്ച് പൈസ ഉണ്ടാക്കുക എന്നതാണ്. നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ കണ്ണന്‍ പട്ടാമ്പിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അഞ്ചാറ് ഷർട്ടില്‍ കൂടുതല്‍ അദ്ദേഹത്തിന് ഇല്ലെന്നാണ് എന്റെ അറിവ്. ഞാന്‍ മോഹന്‍ലാല്‍ അല്ലെന്ന് പ്രണവ് പറയുമത്രേ. എന്തിനാണ് സിനിമയില്‍ അഭിനയിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ആ പൈസ കൊണ്ട് എനിക്ക് ഒരു ബുക്ക് പ്രസിദ്ധീകരിക്കണമെന്നാണ് പറഞ്ഞത്. മോഹന്‍ലാലിനോട് പറഞ്ഞാല്‍ ആയിരം ബുക്കുകള്‍ പ്രസിദ്ധീകരിച്ച് കൊടുക്കും. എന്നാല്‍ പ്രണവ് അത് ആവശ്യപ്പെടില്ല', കണ്ണൻ പട്ടാമ്പി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :