അച്ഛൻ മരിച്ച് കിടക്കുമ്പോൾ എനിക്ക് ഓർമ വന്നത് ഹിറ്റ് സിനിമയിലെ ആ കോമഡി ഡയലോഗ്: സംഗീത

നിഹാരിക കെ എസ്|
ചിന്താവിഷ്‌ടയായ ശ്യാമളയിലെ ശ്യാമളയെ മലയാളികൾ അത്ര പെട്ടന്ന് മറക്കാൻ സാധ്യതയില്ല. ചിത്രത്തില്‍ ശ്രീനിവാസന്റെ ഭാര്യയായിട്ടാണ് സംഗീത അഭിനയിച്ചത്. അതില്‍ അഭിനയിക്കുമ്പോള്‍ 19 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഒരിടവേളയക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരുന്ന സംഗീത തന്റെ പഴയകാല സിനിമ അനുഭവങ്ങള്‍ ഫില്‍മി ബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണ്.


‘ചിന്താവിഷ്ടയായ ശ്യാമളയില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ആ സൈറ്റിലെ ഏറ്റവും ചെറിയ ആര്‍ട്ടിസ്റ്റായിരുന്നു. ബാക്കി തിലകന്‍ ചേട്ടന്‍ അടക്കമുള്ള എല്ലാവരും സീനറായിട്ടുള്ള ആര്‍ട്ടിസ്റ്റുകളാണ്. 19 വയസില്‍ രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിച്ചതിലൊന്നും എനിക്കൊരു കുഴപ്പവും തോന്നിയിട്ടില്ല. അതിനു മുന്‍പ് തമിഴിലും ഞാന്‍ ഒരു പടം ചെയ്തിരുന്നു. അത് ചെയ്യുമ്പോള്‍ 15 വയസ്സ് പൂര്‍ത്തിയായിട്ടേയുള്ളൂ. അതില്‍ അഞ്ചു വയസ്സുള്ള കുട്ടിയുടെ അമ്മയായിട്ടാണ് അഭിനയിച്ചത്.’


‘ചിന്താവിഷ്ടയായ ശ്യാമളയില്‍ അഭിനയിച്ചതും അതിലെ ഡയലോഗുകളും എന്റെ ഒരു വിഷമഘട്ടത്തില്‍ പോലും ഓര്‍ക്കേണ്ടി വന്നിട്ടുണ്ട്. ചിത്രത്തിലെ ഹിറ്റ് ഡയലോഗാണ് ‘അയ്യോ അച്ഛാ പോകല്ലേ’ എന്ന് തുടങ്ങുന്നത്. ശരിക്കും യഥാര്‍ഥത്തില്‍ എന്റെ അച്ഛന്‍ മരിച്ചു കിടക്കുമ്പോള്‍ എനിക്ക് ഈ ഡയലോഗ് ഓര്‍മ്മ വന്നു.’

‘അന്ന് ഞങ്ങളെല്ലാവരും ചുറ്റുമിരുന്ന് കരയുകയാണ്. അച്ഛാ എന്നാണ് ഞാന്‍ വിളിച്ചു കൊണ്ടിരുന്നത്. അവസാനം അച്ഛനെ അവിടുന്ന് എടുത്തു കൊണ്ടു പോകുമ്പോള്‍ ഞാന്‍ കരയുന്നത് ആ സിനിമയിലെ ഡയലോഗ് പോലെയായിരുന്നു. ആ സമയത്ത് തമാശയായിട്ടല്ല, എങ്കിലും എന്റെ മനസ്സില്‍ വന്നത് ആ ഡയലോഗ് തന്നെയായിരുന്നു’ സംഗീത പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :