Dulquer Salman: 'ഞാന്‍ ആദ്യമായി മറിയത്തോട് നോ പറഞ്ഞത് ആ സമയത്താണ്': ഫാദർഹുഡിനെ കുറിച്ച് ദുൽഖർ സൽമാൻ
വാഹനങ്ങളോട് മമ്മൂട്ടിക്കുള്ള ഭ്രമം അതുപോലെ തന്നെ മകന്‍ ദുല്‍ഖര്‍ സല്‍മാനും കിട്ടിയിട്ടുണ്ട്. ഇറങ്ങുന്ന എല്ലാ പുതിയ കാറുകളും എക്‌സ്‌പ്ലോര്‍ ചെയ്യാൻ ദുൽഖറിന് ഇഷ്ടമാണ്. ഒറ്റയ്ക്ക് ഡ്രൈവ് പോകുന്നതാണോ അല്ലെങ്കില്‍ ആരെങ്കിലും കൂടെ വേണോ എന്ന ചോദ്യത്തിനാണ് ദുല്‍ഖര്‍ സല്‍മാന്‍ കുടുംബത്തോടുള്ള അറ്റാച്ച്‌മെന്റിനെ കുറിച്ച് പറയുന്നത്.
എനിക്ക് എപ്പോഴും കൂട്ടിന് ആളുണ്ടാവുന്നതാണ് സന്തോഷം, പ്രത്യേകിച്ചും ഫാമിലി, വൈഫ്, മകള്‍. മകളെ കൂട്ടി ഡ്രൈവിന് പോകും, എന്നെപ്പോലെ കാറിനോട് മകള്‍ക്കും ഒരു താത്പര്യം ഉണ്ടാക്കി എടുക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ അവള്‍ക്കത് അത്ര താത്പര്യമില്ലെന്ന് ദുൽഖർ ചിരിയോടെ പറയുന്നു.
'പുതിയ കാറില്‍ ഇരുന്നാല്‍ എനിക്ക് ഈ മണം ഇഷ്ടമല്ല എന്ന് മകൾ പറയും. മകള്‍ക്കിപ്പോള്‍ എട്ട് വയസ്സായി, മൂന്നാം ക്ലാസില്‍ പഠിക്കുകയാണ്', നടൻ പറഞ്ഞു. കാന്താ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ബിഹൈന്റ് വുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദുൽഖർ.
മറിയം അച്ഛന്റെ ഓമനക്കുട്ടിയാണോ, അമ്മയുടെ ഓമനക്കുട്ടിയാണോ എന്ന് ചോദിച്ചപ്പോള്‍ - അവള്‍ ഏറ്റവും അധികം കാണുന്നത് അമ്മയെയാണ്. ഞാന്‍ കാമിയോ പോലെ എപ്പോഴെങ്കിലും വിസിറ്റ് ചെയ്യുന്ന വാപ്പയെ പോലെയാണ് എന്നായിരുന്നു ദുൽഖറിന്റെ മറുപടി.
'ഇപ്പോള്‍ കുറച്ച് മാസങ്ങള്‍ ഞാനും മകളും മാത്രമായിരുന്നു. അമാല്‍ ഇറ്റലിയില്‍ ഒരു കോഴ്‌സ് ചെയ്യുന്നുണ്ടായിരുന്നു. ആ സമയത്ത് ഞാനാണ് മകളെ നോക്കിയത്. എനിക്ക് തോന്നുന്നു, ഞാന്‍ ആദ്യമായി മറിയത്തോട് നോ എന്നൊക്കെ പറഞ്ഞത് ആ സമയത്താണ്. അത് അവള്‍ക്ക് വലിയ അപ്‌സറ്റ് ആയിരുന്നു. അമ്മാ അപ്പ എന്നോട് നോ പറഞ്ഞു എന്നൊക്കെ അമാലിനെ വിളിച്ചു പറഞ്ഞു', ദുൽഖർ പറയുന്നു.