നിഹാരിക കെ.എസ്|
Last Modified തിങ്കള്‍, 10 നവംബര്‍ 2025 (11:04 IST)
കിംഗ് ഓഫ് കൊത്തയാണ് ദുൽഖർ സൽമാന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മലയാളം സിനിമ. 2023 ലായിരുന്നു ചിത്രം റിലീസ് ചെയ്തത്. പിന്നീട് തമിഴിലും തെലുങ്കിലും സിനിമകൾ ചെയ്യുന്ന തിരക്കിലായി നടൻ. തെലുങ്കിൽ ചെയ്ത ലക്കി ഭാസ്കർ ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായി. ഇപ്പോൾ ദുൽഖറിന്റേതായി റിലീസിനൊരുങ്ങുന്നത് ഒരു തമിഴ് ചിത്രമാണ്, കാന്ത.
ദുൽഖർ സൽമാന്റേതായി മലയാളികൾ കാത്തിരിക്കുന്ന ചിത്രമാണ് ഐ ആം ഗെയിം. അന്യ ഭാഷകളിൽ തിരക്കേറിയതോടെ മലയാള സിനിമയിൽ നിന്ന് ചെറിയൊരിടവേള എടുത്തതായിരുന്നു ദുൽഖർ. ഐ ആം ഗെയ്മിന്റെ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഐ ആം ഗെയിമിനേക്കുറിച്ച് ദുൽഖർ പറഞ്ഞ കാര്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
'ഞാനൊരുപാട് നാളായി ഒരു മലയാള സിനിമയുമായി വന്നിട്ട് എന്നറിയാം. അടുത്തത് വരാൻ പോകുന്നത് ഒരു മലയാള സിനിമയായിരിക്കും. ഒരു വലിയ മലയാള സിനിമയായിരിക്കും. ഒരു കൂൾ, സ്ലിക്ക്, സ്റ്റൈലിഷ്, ഫൺ സിനിമയായിരിക്കും. അത് പീരിയഡ് ഒന്നും ആയിരിക്കില്ല. അതിന്റെ കുറച്ച് ബാക്കിയാണ് ഈ താടിയും മുടിയുമൊക്കെ. നിങ്ങളെല്ലാവരും പൂർണമായും എൻജോയ് ചെയ്യുമെന്ന് ഞാൻ കരുതുന്നു', ദുൽഖർ പറഞ്ഞു.