കമ്മത്ത് ആന്റ് കമ്മത്ത് മുതല്‍ ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് വരെ; പ്രേക്ഷകരെ നിരാശപ്പെടുത്തിയ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍

രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് 2012 ല്‍ റിലീസ് ചെയ്ത ചിത്രമാണ് ദി കിങ് ആന്റ് ദി കമ്മിഷണര്‍

രേണുക വേണു| Last Modified ബുധന്‍, 15 നവം‌ബര്‍ 2023 (11:29 IST)

മലയാളത്തില്‍ ഒട്ടേറെ മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ റിലീസ് ചെയ്തിട്ടുണ്ട്. മലയാളത്തിലെ സൂപ്പര്‍താരങ്ങളെല്ലാം ഒന്നിച്ച് അഭിനയിച്ച ട്വന്റി 20 ബോക്‌സ്ഓഫീസില്‍ വമ്പന്‍ ഹിറ്റായിരുന്നു. എന്നാല്‍ വലിയ പ്രതീക്ഷകളോടെ റിലീസ് ചെയ്ത് പ്രേക്ഷകരെ നിരാശപ്പെടുത്തിയ ഒട്ടേറെ മള്‍ട്ടി സ്റ്റാര്‍ സിനിമകളുണ്ട്. അതില്‍ പ്രധാനപ്പെട്ട സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. ദി കിങ് ആന്റ് ദി കമ്മിഷണര്‍

രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് 2012 ല്‍ റിലീസ് ചെയ്ത ചിത്രമാണ് ദി കിങ് ആന്റ് ദി കമ്മിഷണര്‍. മമ്മൂട്ടിയുടെ ഐക്കോണിക്ക് കഥാപാത്രമായ കിങ്ങിലെ ജോസഫ് അലക്സ് തേവള്ളിപ്പറമ്പിലും സുരേഷ് ഗോപിയുടെ കമ്മിഷണര്‍ സിനിമയിലെ ഐക്കോണിക്ക് കഥാപാത്രം ഭരത്ചന്ദ്രന്‍ ഐപിഎസും ഒന്നിച്ച സിനിമയാണ് ദി കിങ് ആന്റ് ദി കമ്മിഷണര്‍. വലിയ പ്രതീക്ഷകളോടെ എത്തിയ ചിത്രം ബോക്സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞു.

2. കമ്മത്ത് ആന്റ് ദി കമ്മത്ത്

മമ്മൂട്ടിയും ദിലീപും സഹോദരങ്ങളുടെ വേഷത്തിലെത്തിയ ചിത്രമാണ് കമ്മത്ത് ആന്റ് ദി കമ്മത്ത്. 2013 ല്‍ റിലീസ് ചെയ്ത ചിത്രം തോംസണ്‍ കെ.തോമസ് ആണ് സംവിധാനം ചെയ്തത്. കോമഡി ഴോണറില്‍ എത്തിയ ചിത്രം ബോക്സ്ഓഫീസില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

3. ജനകന്‍

എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ സഞ്ജീവ് എന്‍.ആര്‍.സംവിധാനം ചെയ്ത ചിത്രമാണ് ജനകന്‍. മോഹന്‍ലാലും സുരേഷ് ഗോപിയും ഒന്നിച്ച് അഭിനയിച്ച ചിത്രം ബോക്സ്ഓഫീസില്‍ പരാജയമായിരുന്നു.

4. സലാം കാശ്മീര്‍

സേതുവിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത സലാം കാശ്മീര്‍ 2013 ലാണ് റിലീസ് ചെയ്തത്. ജയറാമും സുരേഷ് ഗോപിയും ഒന്നിച്ചഭിനയിച്ച ചിത്രം ബോക്സ്ഓഫീസില്‍ വമ്പന്‍ പരാജയമായി.

5. ചൈനാ ടൗണ്‍

2011 ല്‍ പുറത്തിറങ്ങിയ ചൈനാ ടൗണില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം എന്നിവര്‍ ഒന്നിച്ച് അഭിനയിച്ചു. റാഫി മെക്കാര്‍ട്ടിന്‍ ആയിരുന്നു സംവിധാനം. പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തിയ മലയാളത്തിലെ മറ്റൊരു മള്‍ട്ടി സ്റ്റാര്‍ ചിത്രമാണ് ചൈനാ ടൗണ്‍.

6. ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്

2011 ലാണ് ജോഷി സംവിധാനം ചെയ്ത ക്രിസ്ത്യന്‍ ബ്രദേഴ്‌സ് റിലീസ് ചെയ്തത്. ബോക്‌സ്ഓഫീസില്‍ ശരാശരി വിജയം നേടിയെങ്കിലും സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്തി. മോഹന്‍ലാലും ദിലീപും സഹോദരങ്ങളായി അഭിനയിച്ചപ്പോള്‍ സുരേഷ് ഗോപിയും ശക്തമായ വേഷത്തിലെത്തി. തമിഴ് നടന്‍ ശരത് കുമാറും ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ അഭിനയിച്ചിട്ടുണ്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :