'സിനിമയിലെ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കി'; ആക്രമിക്കപ്പെട്ട നടി 'അമ്മ'യില്‍ നിന്ന് രാജിവെച്ചത് ഇക്കാരണത്താല്‍

രേണുക വേണു| Last Modified ശനി, 8 ജനുവരി 2022 (14:34 IST)

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് വീണ്ടും വലിയ ചര്‍ച്ചയായിരിക്കുകയാണ്. കേസില്‍ ഗൂഢാലോചനക്കുറ്റത്തിനു അറസ്റ്റിലാകുകയും ജയില്‍ ശിക്ഷ അനുഭവിച്ച് ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്ത നടന്‍ ദിലീപുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദങ്ങള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുകള്‍ കേസില്‍ നിര്‍ണായകമായിരിക്കുകയാണ്.

ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് ശത്രുതയുണ്ടായിരുന്നെന്നാണ് അന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയ ശേഷം താരസംഘടനയായ 'അമ്മ'യിലേക്ക് നടനെ തിരിച്ചെടുക്കാന്‍ ശ്രമം നടന്നിരുന്നു. ആ സമയത്താണ് ആക്രമണത്തെ അതിജീവിച്ച നടി 'അമ്മ'യില്‍ നിന്ന് അംഗത്വം രാജിവെച്ചത്. പ്രതി പട്ടികയിലുള്ള ദിലീപിനെ വീണ്ടും സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ ആലോചിക്കുന്നു എന്നത് മാത്രമല്ല ആക്രമണത്തെ അതിജീവിച്ച നടി ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ കാരണം.

തനിക്ക് നേരെ ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയ ആളെ സംഘടനയിലേക്ക് തിരിച്ചെടുത്തു എന്നതുകൊണ്ട് മാത്രമല്ല മറിച്ച് മലയാള സിനിമയില്‍ തന്റെ അവസരങ്ങള്‍ നിരവധി തവണ തട്ടിമാറ്റാന്‍ ദിലീപ് ശ്രമിച്ചു എന്നതുകൊണ്ട് കൂടിയാണ് സംഘടനയില്‍ നിന്ന് രാജിവെയ്ക്കുന്നതെന്ന് അന്ന് നടി പറഞ്ഞിരുന്നു. ദിലീപ് തന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായി താരസംഘടനയുടെ നേതൃത്വത്തിനു പരാതി നല്‍കിയിട്ടും സംഘടനയില്‍ നിന്ന് തനിക്ക് അനുകൂലമായ ഒരു നിലപാടും ഉണ്ടായില്ല എന്ന ആരോപണവും നടി ഉന്നയിച്ചിരുന്നു.

ആക്രമണത്തെ അതിജീവിച്ച നടിക്ക് വരുന്ന അവസരങ്ങള്‍ ദിലീപ് ഇടപെട്ട് ഇല്ലാതാക്കിയിരുന്നതായി അന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വൈശാഖ് സംവിധാനം ചെയ്ത കസിന്‍സ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ ഈ നടിയെയാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍, പിന്നീട് അവസരം നഷ്ടമായി. കസിന്‍സ് എന്ന ചിത്രത്തിനായി നടി കരാര്‍ ഒപ്പിട്ടിരുന്നു എന്നാണ് പറയുന്നത്. എന്നാല്‍, ദിലീപ് ഇടപെട്ടാണ് പിന്നീട് ഈ സിനിമയില്‍ നിന്ന് ഭാവനയെ ഒഴിവാക്കിയതെന്ന് അന്ന് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. ദിലീപിനെതിരെ നടി താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടും ഫലമൊന്നും ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തെ അതിജീവിച്ച നടിക്ക് മലയാളത്തില്‍ പല അവസരങ്ങളും നഷ്ടപ്പെടാനുള്ള കാരണം ദിലീപ് ആണെന്നാണ് അന്നുമുതലുള്ള പ്രധാന ആരോപണം. അമ്മയില്‍ നിന്നു രാജിവെയ്ക്കുകയാണെന്ന് പറഞ്ഞ് താരം നല്‍കിയ രാജിക്കത്തില്‍ ഇക്കാര്യം പ്രത്യേകം പരാമര്‍ശിച്ചിരുന്നു.

പില്‍ക്കാലത്ത് ഒരു അഭിമുഖത്തില്‍ സിനിമയില്‍ ഉള്ളവര്‍ തന്നെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് നടി ആരോപിച്ചിരുന്നു. തന്നോട് വൈരാഗ്യം ഉള്ള പലരുമാണ് ഇതിനു പിന്നില്ലെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരം പറഞ്ഞത്. എന്നാല്‍, പിന്നീട് ഈ അഭിമുഖം സംപ്രേഷണം ചെയ്യരുതെന്ന് ഈ നടി തന്നെ തങ്ങളോട് ആവശ്യപ്പെട്ടതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് അഭിമുഖത്തിന്റെ പൂര്‍ണരൂപം ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തില്ല.

'മാറ്റി നിര്‍ത്താനും അവസരങ്ങള്‍ ഇല്ലാതാക്കാനും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. എന്റെ ലൈഫ് കരണമെന്ന് ഞാന്‍ ആഗ്രഹിച്ചാല്‍ തകരാം. വേറെ ആരും വിചാരിച്ചാല്‍ തകരില്ല. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അവസരങ്ങള്‍ നിഷേധിക്കുന്ന ദുരനുഭവങ്ങളുണ്ട്. സിനിമ ഇല്ലാതായാലോ മാറ്റിനിര്‍ത്തിയാലോ എന്റെ ലൈഫിന് ഒന്നും സംഭവിക്കില്ല. പ്രൊഫഷണ്‍ ജീവിതം ഇല്ലാതാകുമായിരിക്കും. എന്റെ വലിയൊരു ലൈഫിന്റെ ചെറിയ ഭാഗം മാത്രമാണ് തൊഴില്‍,' ആക്രമണത്തെ അതിജീവിച്ച നടി പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :