കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 21 ഫെബ്രുവരി 2024 (09:12 IST)
മലയാളത്തില്‍ വ്യത്യസ്തതകള്‍ പരീക്ഷിക്കുന്ന മമ്മൂട്ടിക്ക് കേരളത്തിന് പുറത്ത് അത്തരത്തിലുള്ള ഓഫറുകള്‍ വരുന്നില്ലേ എന്ന സംശയമാണ് ആരാധകര്‍ക്കുള്ളില്‍ ഉള്ളത്. തെലുങ്ക് സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ അദ്ദേഹത്തിന് തെറ്റുപറ്റിയോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. തെലുങ്കില്‍ കനത്ത പരാജയങ്ങളാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ നേരിടേണ്ടി വരുന്നത്. മലയാളികള്‍ക്കിടയില്‍ മാത്രമല്ല കേരളത്തിന് പുറത്തും 'ഭ്രമയുഗം'കത്തിക്കയറുമ്പോള്‍ തെലുങ്കില്‍ 'യാത്ര 2'പരാജയത്തിന്റെ പടുകുഴിയിലേക്ക് വീണു കഴിഞ്ഞു.
മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അപരിപ്പിച്ചു സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രമായിരുന്നു യാത്ര. ഇതിന്റെ രണ്ടാം ഭാഗമാണ് യാത്ര രണ്ട് എന്ന പേരില്‍ പുറത്തിറങ്ങിയത്. ഫെബ്രുവരി എട്ടിന് പ്രദര്‍ശനത്തിന് എത്തിയ സിനിമ രണ്ട് കോടിയിലേറെ ഓപ്പണിങ് കളക്ഷന്‍ നേടി പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങള്‍ പുറത്തുവന്നതോടെ എല്ലാ സ്വപ്നങ്ങളും വീണുടഞ്ഞു. 50 കോടിയിലേറെ ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന്റെ മൊത്തം കളക്ഷന്‍ 5 കോടിക്ക് മുകളില്‍ മാത്രമാണ്. സിനിമ കാണാന്‍ ആളില്ലാത്ത അവസ്ഥ വരെയായി. മമ്മൂട്ടി നായകനായ എത്തിയ ആദ്യഭാഗം വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥയാണ് പറഞ്ഞത്.രണ്ടാം ഭാഗത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ രാഷ്ട്രീയ യാത്ര പ്രണയമാക്കിയപ്പോള്‍ ജീവയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമ കാണുവാനായി തിയറ്ററുകളില്‍ എത്തിയ മിക്കവരും വൈഎസ്ആര്‍സിപി പ്രവര്‍ത്തകര്‍ ആയിരുന്നു. സാധാരണ ജനങ്ങളെ ആകര്‍ഷിക്കാന്‍ സിനിമയ്ക്ക് ആയില്ലെന്നും പറയപ്പെടുന്നു.
തിയേറ്ററുകളില്‍ സിനിമയുടെ പോസ്റ്ററിനേക്കാള്‍ പ്രാധാന്യം കൊടുത്തത് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പോസ്റ്ററുകള്‍ക്കും ചിത്രങ്ങള്‍ക്കുമായിരുന്നു. അദ്ദേഹത്തിന്റെ പോസ്റ്ററുകളും ഫ്‌ലക്‌സുകളും തിയറ്ററുകളില്‍ നിറഞ്ഞു. അതിനാല്‍ തന്നെ സാധാരണ പ്രേക്ഷകര്‍ അല്ല പാര്‍ട്ടി പ്രവര്‍ത്തകരാണ് സിനിമ കണ്ടവരില്‍ കൂടുതലും എന്നാണ് പറയപ്പെടുന്നത്.